ഉര്ദു ദേശീയോദ്ഗ്രഥനത്തിന്റെ ഭാഷ: മന്ത്രി വി. അബ്ദുറഹിമാന്
1420945
Monday, May 6, 2024 5:38 AM IST
തിരൂര്: ഉര്ദു ഭാഷ ദേശീയോദ്ഗ്രഥനത്തിന്റെയും മതേതരത്വത്തിന്റെയും പ്രതീകമാണെന്ന് മന്ത്രി വി. അബ്ദുറഹിമാന് അഭിപ്രായപ്പെട്ടു. "ഉര്ദു ലളിതം മധുരം’ എന്ന പ്രമേയത്തില് അഞ്ചു മുതല് 25 വരെ നടക്കുന്ന ഉര്ദു ഭാഷാ പ്രചാരണ കാമ്പയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലും ഉര്ദു ഭാഷയുടെ സാധ്യതകള് വളരെ വലുതാണെന്നും ഇന്ത്യയില് ജന്മംകൊണ്ട് നമ്മുടെ സംസ്കാരത്തിന് വളരെയേറെ സംഭാവന ചെയ്ത ഈ ഭാഷയെ പ്രചരിപ്പിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ട്രഷറര് ടി.എ. റഷീദ് പന്തല്ലൂര് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം.പി. സത്താര് അരയങ്കോട്, ടി.എച്ച്. കരീം, പി.സി. വാഹിദ്സമാന്, പി.എ. അബ്ദുനാസര് കൊല്ലം, എം.കെ.അന്വര് സാദത്ത്, വി. അബ്ദുള് മജീദ്, വി.കെ. സുബൈര്, കെയുടിഎ സംസ്ഥാന സെക്രട്ടറി സലാം മലയമ്മ എന്നിവര് പങ്കെടുത്തു.