അവശ്യ സര്‍വീസ് വിഭാഗക്കാര്‍ക്കു പോസ്റ്റല്‍ വോട്ടെടുപ്പ് ഇന്നു മുതല്‍
1417620
Saturday, April 20, 2024 5:39 AM IST
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസ് വിഭാഗത്തില്‍പെട്ട (എവിഇഎസ്) ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് ഇന്നു മുതല്‍ നടക്കും. പ്രത്യേകം സജ്ജീകരിച്ച പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.
മലപ്പുറം, പൊന്നാനി (തൃത്താല നിയോജക മണ്ഡലം ഒഴികെ) ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് മലപ്പുറം എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്കൂളും വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് നിലമ്പൂര്‍ (നോര്‍ത്ത്) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റ് കോണ്‍ഫറന്‍സ് ഹാളുമാണ് പോസ്റ്റല്‍ വോട്ടിംഗ് സെന്ററായി സജ്ജീകരിച്ചിട്ടുള്ളത്.
20, 21, 22 തിയതികളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു മണി വരെയുള്ള സമയത്ത് ഇവിടെയെത്തി വോട്ട് രേഖപ്പെടുത്താം. തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം.പോലീസ്, ഫയര്‍ ആന്‍ഡ് റസ്ക്യു, ജയില്‍ വകുപ്പ്, എക്സൈസ് വകുപ്പ്, മില്‍മ, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആള് ഇന്ത്യ റേഡിയോ, ദൂരദര്ശന്,
ബിഎസ്എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍ വകുപ്പ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അവശ്യ സര്‍വീസ് (എവിഇഎസ്) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോഡല്‍ ഓഫീസര്‍മാര്‍ മുഖേന 12 ഡി ഫോമിലൂടെ നേരത്തെ അപേക്ഷ നല്കിയ മേല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളിലെത്തി വോട്ട് രേഖപ്പെടുത്താനാവുക.