അവശനിലയിൽ കാണപ്പെട്ട കുറുനരി ചത്തു
1339154
Friday, September 29, 2023 1:30 AM IST
കാളികാവ്: കാളികാവ് കെഎസ്ഇബി സബ് സ്റ്റേഷൻ വളപ്പിൽ അവശനിലയിൽ കണ്ട കുറുനരി ചത്തു. രണ്ടു ദിവസത്തിലേറെയായി അവശനിലയിൽ കാണപ്പെട്ട കുറുനരിയെ ആളുകൾ അറിയിച്ചിട്ടും തിരിഞ്ഞു നോക്കാൻ പോലും വനംവകുപ്പ് അധികൃതർ തയാറായില്ലെന്ന് ആക്ഷേപമുയർന്നു.
വാഹനമില്ലെന്ന പതിവ് കാരണമാണ് അധികൃതർ പറഞ്ഞത്. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളോ പകർച്ചവ്യാധികളോ മനുഷ്യരിലോ വളർത്തുമൃഗങ്ങളിലോ പകർന്നേക്കുമോ എന്ന ഭയാശങ്കയിലാണ് നാട്ടുകാർ. കാളികാവ് കെഎസ്ഇബി സബ് സ്റ്റേഷൻ വളപ്പിലാണ് രണ്ടു ദിവസമായി അവശനിലയിൽ കുറുനരിയെ കാണപ്പെട്ടത്.
സബ് സ്റ്റേഷൻ അധികൃതരും നാട്ടുകാരും വനം വകുപ്പിനെയും ആർആർടി അംഗങ്ങളെയും വിളിച്ചറിയിച്ചിരുന്നു.
എന്നാൽ ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിൽ നിന്നുരണ്ടു കിലോമീറ്ററോളം മാത്രം ദൂരത്തുള്ള സംഭവസ്ഥലത്ത് എത്താൻ വനം വകുപ്പ് അധികൃതർ തയാറായില്ല. വന മേഖലയോട് ചേർന്ന നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടുവരുന്ന ജീവിയാണിത്.