വീട്ടിൽ കയറി ആറുവയസുകാരനെയും അമ്മയെയും ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
1337660
Saturday, September 23, 2023 12:57 AM IST
മേലാറ്റൂർ: കോഴിഫാമിലെ ജോലിക്കാരനായ ആസാം സ്വദേശിയുടെ വീട്ടിൽ കയറി ഭാര്യയെയും ആറുവയസുകാരൻ മകനെയും ആക്രമിച്ച മഞ്ചേരി സ്വദേശികളെ മേലാറ്റൂർ പോലീസ് അറസ്റ്റു ചെയ്തു.
എടയാറ്റൂരിൽ കോഴിഫാം നടത്തുന്നവരും സഹോദരങ്ങളുമായ മഞ്ചേരി കാരക്കുന്ന് തടിയാപുറത്ത് മുജീബ് റഹ്മാൻ (49), സഹോദരൻ തടിയാപുറത്ത് അഷ്കർ മോൻ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോഴിഫാമിലെ ജീവനക്കാരനായ ആസാം സ്വദേശി ജിയാനുൾ ഇസ്ലാം, ഫാമിലെ നൂറു മീറ്റർ നീളമുള്ള വയറുകളും ബൾബും മോഷ്ടിച്ചെന്നാരോപിച്ച് മേലാറ്റൂaർ വേങ്ങൂരിലുള്ള ജിയാനുൾ ഇസ്ലാമിന്റെ വാടക ക്വാർട്ടേഴ്സിൽ വ്യാഴാഴ്ചയാണ് ഇവർ അക്രമം നടത്തിയത്.
ജിയാനുൾ ഇസ്ലാമിന്റെ ഭാര്യയും ഇവരുടെ ഒന്നും ആറും വയസുള്ള മക്കളും തനിച്ചുള്ളപ്പോൾ വീടിനുള്ളിൽ അതിക്രമിച്ചു കയറി ഭാര്യ സഫിയ ബീഗത്തെ (37) ക്രൂരമായി മർദിക്കുകയും ധരിച്ചിരുന്ന മാക്സി വലിച്ചു കീറി അപമാനിക്കുകയും ചെയ്തെന്നാണ് പരാതി.
ഇവരുടെ നിലവിളി കേട്ടെത്തിയ ആറു വയസുകാരൻ മകന്റെ മുഖത്തടിച്ച് ചെവിക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. ചെവിക്ക് സാരമായി പരിക്കേറ്റ കുട്ടിയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.