മുള്ളന്‍പാറ പീഡനക്കേസ്: രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി
1336991
Wednesday, September 20, 2023 7:55 AM IST
മഞ്ചേരി: മുള്ളന്‍പാറയിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്നലെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി.
മുള്ളന്‍പാറ ചേലേടത്തിൽ സി.ടി. മുഹമ്മദ് ഷാഫി (37), വാക്കെതൊടി പറയങ്ങാടൻ അബ്ദുൽ റഷീദ് (33) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 15 വയസായ രണ്ട് കുട്ടികളെയും 16 വയസായ കുട്ടിയെയും പലതവണ മുള്ളന്‍പാറ ഗ്യാസ് ഗോഡൗണിന് സമീപമുള്ള ഷെഡിൽ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയെന്നാണ് മുഹമ്മദ് ഷാഫിക്കെതിരെയുള്ള കേസ്.
16 വയസായ ആണ്‍കുട്ടിയെ മുള്ളന്‍പാറ പാടത്തിന് സമീപമുള്ള തോടിനടുത്തു വെച്ചും 15 വയസായ കുട്ടിയെ പ്രതിയുടെ വീടിന് സമീപമുള്ള പറന്പിൽവെച്ചും പീഡിപ്പിച്ചുവെന്നാണ് അബ്ദുൽ റഷീദിനെതിരെയുള്ള കേസ്. കുട്ടികൾ വീട്ടുകാർക്കൊപ്പം മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. മഞ്ചേരി പോലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയാണ് ഇരുവരെയും ഓഗസ്റ്റ് 25ന് മുള്ളന്‍പാറയിൽ വെച്ച് അറസ്റ്റ് ചെയ്തത്.