സംരക്ഷണ നിയമം രോഗികൾക്കും ബന്ധുക്കൾക്കും ഉറപ്പുവരുത്തണമെന്ന്
1300212
Monday, June 5, 2023 12:08 AM IST
നിലന്പൂർ: സുരക്ഷയോടെ ആരോഗ്യമേഖലയിൽ ആതുരസേവനം നടത്തുന്നവർക്ക് സുരക്ഷ നിർബന്ധമാണ്.
അതോടൊപ്പം തന്നെ രോഗികളുടെയും കൂടെയുള്ള ബന്ധുക്കളുടെയും സുരക്ഷ ഉറപ്പുവരുത്താനും ആരോഗ്യപ്രവർത്തകർക്ക് നൽകുന്ന സംരക്ഷണ നിയമം ദുർവിനിയോഗം ചെയ്യുന്നതു തടയാനും നടപടി വേണമെന്നു ജില്ലാ ആശുപത്രി കണ്‍സ്യൂമർ പ്രൊട്ടക്ഷൻ ഫോറം സർക്കാരിനോട് അഭ്യർഥിച്ചു.
ആശുപത്രി അധികൃതരുടെയും ആരോഗ്യപ്രവർത്തകരുടെയും ഭാഗത്ത് നിന്നു രോഗികൾക്കും ബന്ധുക്കൾക്കും സമ്മർദ്ദമോ സംശയാസ്പദമായ അനുഭവങ്ങളോ പ്രയാസങ്ങളോ ഉണ്ടായാൽ പരാതിപ്പെടാനുള്ള നന്പറുകൾ ആശുപത്രികളിൽ പ്രസിദ്ധപ്പെടുത്തണമെന്നും പരാതി പരിഹാര സെൽ രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർക്ക് ഫോറം നിവേദനം അയച്ചു. ജില്ലയിലെ എംഎൽഎമാർക്കും നിവേദനം നൽകും.
രോഗാവസ്ഥയിൽ മാനസികമായി തളർന്നു ആശുപത്രിയിലേക്ക് എത്തുന്ന രോഗികളുടെയും കൂടെയുള്ള ബന്ധുക്കളുടെയും മാനസിക പ്രയാസങ്ങൾ മനസിലാക്കാതെ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നു പ്രയാസപ്പെടുത്തുന്ന അനുഭവങ്ങളുണ്ടായാൽ പരാതിപ്പെടാൻ സംവിധാനം ഉണ്ടാകണമെന്നും നിലവിലുള്ള ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് സമ്മർദ്ദവും ആരോഗ്യപ്രവർത്തകരുടെ സംശയാസ്പദമായ പെരുമാറ്റവും ഉണ്ടായാൽ പരാതിപ്പെട്ടാൽ വാദി പ്രതിയാകുന്ന സ്ഥിതി ഉണ്ടാകുമെന്നും ഫോറം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഫോറം ചെയർമാൻ മുസ്തഫ കളത്തുംപടിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ കണ്‍വീനർ പി.ടി. റൂണ്സ്കർ, പി.കെ. യൂനസ്, ഹസദ് അലി മേലകത്ത്, ഇ.കെ. പർവീസ്, ശിഹാബ് മൂർക്കൻ, റഷീദ് കൊന്പൻ എന്നിവർ പ്രസംഗിച്ചു.