മൈലാടിപാലം കവാടത്തിന്റെ സൗന്ദര്യവത്കരണം ഏറ്റെടുത്ത് ക്ലബ് പ്രവർത്തകർ
1300208
Monday, June 5, 2023 12:08 AM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലേക്കുള്ള പ്രവേശന കവാടമായ മൈലാടിപാലത്തിന്റെ കവാടത്തിലെ സൗന്ദര്യവത്കരണം അകന്പാടം കിംഗ്സ് സദ്ദാം ജംഗ്ഷൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഏറ്റെടുത്തു.
പൂച്ചെടികളുടെ കാടുമൂടി കിടന്ന ഭാഗം അകന്പാടം വനം സ്റ്റേഷനിലെ വനപാലകരുമായി ചേർന്നു ക്ലബ് അംഗങ്ങൾ വെട്ടിനീക്കി. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് ശുചീകരണ പ്രവൃത്തി നടത്തിയത്. ചാലിയാർ സർവീസ് സഹകരണ ബാങ്ക് തുടങ്ങിവച്ച മൈലാടിപാലത്തിന്റെ കവാടത്തിലെ സൗന്ദര്യവത്കരണ പ്രവൃത്തിയാണ് ക്ലബ് ഏറ്റെടുത്തത്.
മൈലാടിപാലത്തിനു സമീപം ചാലിയാർ പഞ്ചായത്തിലേക്കുള്ള കവാടത്തിന് ഇരുവശവുമുള റോഡരികിൽ പൂച്ചെടികൾ വച്ചുപിടിപ്പിച്ചാണ് സൗന്ദര്യവത്കരണത്തിനു തുടക്കം കുറിച്ചത്. ചാലിയാർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി വി.സി. മാത്യുവിന്റെയും ഭരണസമിതിയുടെയും നേതൃത്വത്തിലായിരുന്നു പ്രവൃത്തി.
എന്നാൽ കുറച്ച് നാളുകളായി ഈ ഭാഗത്തെ കാടുകൾ വെട്ടിനീക്കാത്തതിനാൽ പൂച്ചെടികൾ കാണാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
ചാലിയാർ പഞ്ചായത്തിലേക്ക് കടന്നുവരുന്നവരുടെ മനം കുളിർപ്പിക്കുന്ന കാഴ്ചയാണ് കാടുമൂടി മറഞ്ഞുകിടന്നിരുന്നത്. ബാങ്കിന് സൗന്ദര്യവത്കരണത്തിന് ഫണ്ട് ഉപയോഗിക്കാൻ കഴിയാത്തതിനാൽ ബാങ്ക് സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും ഇതിന്റെ ചെലവ് സ്വയം ഏറ്റെടുക്കുകയായിരുന്നു. ചാലിയാർ പഞ്ചായത്തിലേക്ക് ടൂറിസ്റ്റുകളെ ഉൾപ്പെടെ ആകർഷിക്കുന്ന ഈ സൗന്ദര്യവത്കരണം നഷ്ടപ്പെടാതിരിക്കാനുള്ള ക്ലബ് അംഗങ്ങളുടെ പ്രവർത്തനം മാതൃകാപരമാണ്. സൗന്ദര്യവത്കരണത്തിന്റെ തുടർപ്രവൃത്തി അകന്പാടം ഫോറസ്റ്റ് സെക്ഷൻ ഓഫീസർ പി.എൻ. നിധിൻ ഉദ്ഘാടനം ചെയതു. ക്ലബ് പ്രസിഡന്റ് ഷിയാസ് അധ്യക്ഷത വഹിച്ചു.
ക്ലബ് സെക്രട്ടറി നിഷാദ് പാലാറ, മൈലാടി വാർഡംഗം കെ. വിശ്വനാഥൻ, ക്ലബ് ഭാരവാഹികളായ ഉബൈസ് പൂക്കോടൻ, സുരേഷ് നന്പ്യാടൻ, സനോജ്, റഫീഖ് ബാബു, അനീഷ്, ചെറി കുറ്റീരി, ജിയാദ് അലി എന്നിവർ നേതൃത്വം നൽകി.