ലഹരി ഉപയോഗം: പെരിന്തൽമണ്ണയിൽ ഉടൻ യോഗം ചേരും
1300204
Monday, June 5, 2023 12:08 AM IST
പെരിന്തൽമണ്ണ: സ്കൂൾ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം തടയാനും നിയന്ത്രിക്കാനും സ്കൂൾ പ്രതിനിധികളുടെ യോഗം വിളിക്കാൻ താലൂക്ക് വികസന സമിതിയിൽ തീരുമാനിച്ചു. പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് യോഗം ചേരുക.
താലൂക്കുതലത്തിൽ മന്ത്രിമാരുടെ പങ്കാളിത്തത്തിൽ നടത്തിയ അദാലത്തിൽ നിർദേശിച്ച പരാതികൾ രണ്ടാഴ്ചക്കകം പരിഹരിക്കാൻ നിർദേശം നൽകിയതായി തഹസിൽദാർ പി.എം മായ അറിയിച്ചു. മേലാറ്റൂർ- പുലാമന്തോൾ റോഡ് നിർമാണം അനന്തമായി നീളുന്നതും നെൻമിനിയിൽ കരാറുകാരനെ മാറ്റി പട്ടികജാതി ഹോസ്റ്റൽ നിർമാണം പൂർത്തിയാക്കുന്നതും ചർച്ചയായി.
സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് സിസ്റ്റം നടപ്പാക്കാത്തതിൽ വിമർശനം ഉയർന്നു. പഞ്ചിംഗ് നടപ്പാക്കണമെന്നത് സർക്കാർ നിർദേശമാണ്.
താലൂക്ക് ഓഫീസിൽ നടപ്പാക്കിയിട്ടുണ്ടെങ്കിലും മിനി സിവിൽസ്റ്റേഷനിലെ മറ്റു ഓഫീസുകളിൽ പഞ്ചിംഗ് നടപ്പാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പിഎംഎവൈ പദ്ധതിയിൽ വേങ്ങൂർ-കാഞ്ഞിരക്കടവ് റോഡ് നിർമാണത്തിൽ അഴിമതിയില്ലെന്നും അപാകത പരിഹരിച്ചതായും അറിയിച്ചു.
യോഗത്തിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ മുസ്തഫ അധ്യക്ഷനായിരുന്നു. മങ്കട ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾകരീം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.പി ഉണ്ണികൃഷ്ണൻ, കൃഷ്ണദാസ് ആൽപ്പാറ, തഹസിൽദാർ മായ എന്നിവർ സംസാരിച്ചു.