നിലന്പൂരിൽ ആദിവാസി ഭൂസമരം 13 ദിവസം പിന്നിട്ടു; പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ച് സമരക്കാർ
1296595
Monday, May 22, 2023 11:59 PM IST
നിലന്പൂർ: 2004 ലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആദിവാസി കൂട്ടായ്മയുടെ പേരിൽ മേയ് 10 ന് നിലന്പൂരിൽ ആരംഭിച്ച സമരം 13 ദിവസം പിന്നിട്ടു.
സമരം അവസാനിപ്പിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു കാര്യമായ ശ്രമങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. സമരം അവസാനിപ്പിക്കാൻ ശ്രമം നടത്തണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. സമരം നയിക്കുന്ന ബിന്ദു വൈലാശേരി, അമ്മിണി എന്നിവർ നിരാഹാരസമരം തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാർ നടപ്പാക്കിയ വനാവകാശ നിയമമനുസരിച്ചുള്ള ഭൂമി, ഭൂരഹിതരായ തങ്ങൾക്ക് ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഭൂരഹിതരായ ഓരോ ആദിവാസി കുടുംബത്തിനും ഏറ്റവും ചുരുങ്ങിയത് ഒരേക്കർ ഭൂമി നൽകണമെന്നതാണ് സമരം നടത്തുന്നവരുടെ ആവശ്യം.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ 275.13 ഏക്കർ ഭൂമി വനം വകുപ്പ് റവന്യു വകുപ്പിന് ആദിവാസികൾക്ക് കൈമാറാനായി നൽകിയിട്ടുണ്ട്. ഇതു വിതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചിരുന്നു. അതനുസരിച്ച് ലഭിച്ച 626 അപേക്ഷകൾ സർക്കാരിന്റെ പരിഗണനയിലാണ്. ഇത്രയും പേർക്കു ഒരേക്കർ വീതം ഭൂമി നൽകാൻ കഴിയില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
പകരം 10 മുതൽ 20 സെന്റ് വരെ ഭൂമി നൽകാമെന്നാണ് വാഗ്ദാനം. മുഖ്യരാഷ്ട്രീയ പാർട്ടികളും സമരത്തോടു മുഖംതിരിഞ്ഞാണ് നിൽക്കുന്നത്. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിലായി ബി.ജെ.പി. നേതൃത്വം സമരക്കാരുടെ അരികിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. സബ്കളക്ടറും ഡെപ്യൂട്ടി കളക്ടറും നടത്തിയ ചർച്ചയും ഫലം കണ്ടില്ല. കളക്ടർ നേരിട്ട് വരണമെന്ന കാര്യത്തിൽ ആദിവാസികൾ ഉറച്ചു നിന്നു. സമരം വിജയം കാണാതെ പോകുന്നത് സമരം നടത്തുന്നവർ ആദിവാസികൾ ആയതുകൊണ്ടാണെന്ന് ആക്ഷേപം ശക്തമാണ്. ജില്ലാ കളക്ടർ സ്ഥലത്തെത്തി സമരം അവസാനിപ്പിക്കുന്നതിനു വേണ്ട ചർച്ച നടത്തണമെന്നാണ് ആദിവാസികളുടെ ആവശ്യം. നിലന്പൂരിലെത്തിയിട്ടും സമരക്കാരുടെ അടുത്തൊന്ന് പോകാൻ ജില്ലാ കളക്ടർക്ക് സമയവുമുണ്ടായില്ല.