ഓക്സിജൻ പാർലർ പദ്ധതിയുമായി നിലന്പൂർ നഗരസഭ
1280381
Thursday, March 23, 2023 11:51 PM IST
നിലന്പൂർ: കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് പ്രതിരോധം തീർക്കാൻ ഓക്സിജൻ പാർലർ പദ്ധതിയുമായി നിലന്പൂർ നഗരസഭ. നബാർഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടരവർഷം കൊണ്ട് പദ്ധതി യാഥാർഥ്യമാക്കും. കാലാവസ്ഥ വ്യതിയാനം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സഹചര്യത്തിലാണ് നിലന്പൂർ നഗരസഭ നബാർഡുമായി സഹകരിച്ച് ഓക്സിജൻ പാർലർ പദ്ധതി നടപ്പാക്കുന്നത്. മൂന്ന് ലക്ഷം രൂപയാണ് ഇതിനായി നബാർഡ് നൽകുന്നത്. നഗരസഭയിലെ പത്ത് സ്ഥലങ്ങളിലാണ് ആദ്യം പദ്ധതി തുടങ്ങുക. ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചാണ് പദ്ധതിയൊരുക്കുന്നതെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.
പത്ത് സെന്റ് സ്ഥലം വീതം ലഭ്യമാക്കി ഫലവൃക്ഷ തൈകൾ നട്ടുപിടിച്ച് പരിപാലിക്കും. പൊതു സ്ഥലങ്ങൾക്ക് പുറമെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലും ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കും. സ്വകാര്യ ഭൂമിയിലെ തൈകളുടെ പരിപാലനം അവർതന്നെ ഏറ്റെടുക്കുകയും വേണം. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു നഗരസഭ ഇത്തരം പദ്ധതി നടപ്പാക്കുന്നതെന്നും ഇത് മാതൃകാ പദ്ധതിയായി മാറുമെന്നും ചെയർമാൻ പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ യു.കെ.ബിന്ദു, കൗണ്‍സിലർ എം.ഗോപാലകൃഷ്ണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ.അരുണ്‍കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.