വീട്ടമ്മയുടെ മരണം ആത്മഹത്യയെന്ന് പോലീസ്
1598884
Saturday, October 11, 2025 6:37 AM IST
നെയ്യാറ്റിന്‍കര : മുട്ടയ്ക്കാട് സ്വദേശിനി സലിതകുമാരി (50) ആത്മഹത്യ ചെയ്തതാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ശരീരത്തില്‍ മണ്ണെണ്ണയുടെ അംശമുണ്ടായിരുന്നായും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തുവെന്നും പോലീസ് അറിയിച്ചു.
മുട്ടയ്ക്കാട് കെന്സായില് പരേതനായ സ്റ്റെല്ലസ് ഗബ്രിയേലിന്റെ ഭാര്യ സലിതകുമാരി വീട്ടില്‍ രാവിലെ ചായ തയാറാക്കുന്നതിനിടയില്‍ പാചകവാതക അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് മരണമടഞ്ഞുവെന്നായിരുന്നു ആദ്യ നിഗമനം .
പിന്നീട് പോലീസ് വീട്ടില്‍ നിന്നും സലിതകുമാരി എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മകന് എഴുതിയിരിക്കുന്ന കത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെക്കുറിച്ച് പരാമര്‍ശമുണ്ട്. നഗരസഭ കൗണ്‍സിലര്‍ കൂടിയായ അദ്ദേഹം സലിതകുമാരിയോട് മുന്‍പ് മോശമായി പെരുമാറിയിട്ടുണ്ടെന്ന് മകന് രാഹുല്‍ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞു.
ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിക്കുമെന്നും സലിതകുമാരിയുടെ കൈപ്പടയാണെന്ന് വ്യക്തമായാല്‍ കൗണ്‍സിലര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.