ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു
1598490
Friday, October 10, 2025 5:26 AM IST
മെഡിക്കല്‍കോളജ്: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആശുപത്രിക്കെട്ടിടത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു. കരകുളം മുക്കോല ഹൈസ്കൂള്‍ ജംഗ്ഷന് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിനു സമീപം അനുഗ്രഹ ഭവനില്‍ ജയന്തി (63) ആണ് ദാരുണമായി മരിച്ചത്. സംഭവത്തിനുശേഷം ഇവരുടെ ഭര്‍ത്താവ് ഭാസുരന്‍ ആശാരി (73) ആശുപത്രിക്കെട്ടിടത്തില്‍ നിന്നു താഴേക്കു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിയോടുകൂടി പട്ടം എസ്.യു.ടി ആശുപത്രിയിലാണ് സംഭവം. ഇരുവൃക്കകള്‍ക്കും തകരാര്‍ സംഭവിച്ച ജയന്തി കഴിഞ്ഞ ഒന്നരവര്‍ഷമായി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു. ഈമാസം ഒന്നാംതീയതിയാണ് ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റായത്. ചികിത്സയില്‍ കഴിയുന്ന രണ്ടാംനിലയിലെ 218-ാം നമ്പര്‍ മുറിയില്‍ വച്ച് ഭാസുരന്‍ ആശാരി കേബിള്‍വയര്‍ ഉപയോഗിച്ച് ജയന്തിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കെട്ടിടത്തിന്റെ അഞ്ചാംനിലയിലെത്തി അവിടെനിന്നു താഴേക്കു ചാടുകയായിരുന്നു.
ആശുപത്രിജീവനക്കാര്‍ ആത്മഹത്യയില്‍ നിന്നു പിന്തിരിപ്പിക്കുന്നതിനു മുമ്പുതന്നെ ഇദ്ദേഹം താഴേക്കു ചാടി. ശരീരമാസകലം ഒടിവുണ്ടാകുകയും തലയ്ക്ക് ക്ഷതമേല്‍ക്കുകയും ചെയ്ത ഭാസുരന്‍ ആശാരിയെ ഉടന്‍തന്നെ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചുവെങ്കിലും 9 മണിയോടുകൂടി മരണപ്പെടുകയായിരുന്നു. ഭാര്യയുടെ അസുഖംമൂലമുള്ള മനോവിഷമവും സാമ്പത്തിക വൈഷമ്യവുമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നു മെഡിക്കല്‍കോളജ് പോലീസ് അറിയിച്ചു. മക്കള്‍: രജനി, രഞ്ജിത്ത് (ഗള്‍ഫ്).