സത്യം തുറന്നുപറയുന്നതിനാല്‍ വേട്ടയാടപ്പെടുന്നു: വെള്ളാപ്പള്ളി നടേശൻ
1598873
Saturday, October 11, 2025 6:20 AM IST
നെയ്യാറ്റിന്‍കര : സത്യം തുറന്നു പറയുന്നതിനാല്‍ വേട്ടയാടപ്പെടുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നെയ്യാറ്റിന്‍കര എസ്എന്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെ സംഘടിപ്പിച്ച എസ്എന്‍ഡിപി യോഗം ശാഖാ നേതൃസംഗമത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീനാരായണീയര്‍ എന്നൊരു ജാതിയില്ല. ഈഴവരെന്ന് തന്നെ വ്യക്തമായി പറയണം. പ്രതിഫലേച്ഛയില്ലാതെ എസ്എന്‍ഡിപി യോഗത്തില്‍ പ്രവര്‍ത്തിച്ചവരാരും നശിച്ചിട്ടില്ല.
ജനസംഖ്യാനുപാതത്തില്‍ അര്‍ഹതപ്പെട്ട രാഷ്ട്രീയാധികാരം വേണം. എന്നാല്‍ പലരും എസ്എന്‍ഡിപി യോഗത്തെ രാഷ്ട്രീയവളര്ച്ചയ്ക്കായി ഏണിപ്പടിയായി ഉപയോഗിച്ചിട്ടുണ്ട്. മലപ്പുറം ബാലികേറാമലയെന്ന് അറിയില്ലായിരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
നെയ്യാറ്റിന്‍കര, നേമം, പാറശാല, കുഴിത്തുറ യൂണിയനുകള്‍ സംയുക്തമായി സംഘടിപ്പിച്ച നേതൃസംഗമത്തില്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പളി സംഘടനാ വിശദീകരണം നടത്തി. മൈക്രോഫിനാന്‍സിന് എസ്എന്‍ഡിപി യോഗവുമായി നേരിട്ട് ഒരു ബന്ധവുമില്ലെന്നും യോഗത്തെ കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും സമുദായങ്ങളും ഭയക്കുന്നുവെന്നും ഗുരുദേവന് കേവലം വിപ്ലവകാരിയാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് വ്യക്തമായ ഗൂഢോദ്ദേശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, നേതൃ സംഗമം കോര്‍ഡിനേറ്റര്‍ പത്മകുമാര്‍, വിവിധ യൂണിയനുകളുടെ ഭാരവാഹികളായ കെ.വി സൂരജ് കുമാര്‍, ആവണി ബി. ശ്രീകണ്ഠന്, സുപ്രിയാ സുരേന്ദ്രന്, മേലാംകോട് വി. സുധാകരന്, ജയന് എസ്. ഊരന്പ്, ഹിന്ദുസ്ഥാന്‍ ബി. മണികണ്ഠന് എന്നിവര്‍ പ്രസംഗിച്ചു. നാലായിരത്തോളം അംഗങ്ങള്‍ പങ്കെടുത്തുവെന്ന് സംഘാടകര്‍ അറിയിച്ചു.