കുരങ്ങ് ആക്രമണം: വിദ്യാർഥിക്ക് പരിക്കേറ്റു
1598494
Friday, October 10, 2025 5:26 AM IST
പാലോട്∙ കാക്കാണിക്കര എസ്എൻഎൽപി സ്കൂളിനു സമീപം ബിനുകുമാറിന്റെ വീട്ടിൽ കൂട്ടമായി എത്തിയ കുരങ്ങുകൾ വലിയ നഷ്ടം വരുത്തുകയും ബിനുകുമാറിന്റെ മകൾ വീണ(14)യെ ആക്രമിക്കുകയും ചെയ്തു. ശല്യക്കാരായ കുരങ്ങുകളെ തുരത്താൻ ശ്രമിക്കവെയാണ് വീണയെ ആക്രമിച്ചത്. കുട്ടിയുടെ കൈയിൽ മുറിവേറ്റതിനെ തുടർന്ന് ഭരതന്നൂരിലെ ആശുപത്രിയിൽ ചികിത്സ നൽകി.
കൂട്ടമായി എത്തിയ കുരങ്ങുകൾ സീലിംഗ് മുഴുവൻ ഇളക്കിയെറിഞ്ഞു. വീട്ടുപകരണങ്ങളും ആഹാര സാധനങ്ങളും നശിപ്പിച്ചു. താമസിക്കാനാവാത്ത വിധം വീട് മലിനമാക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ കുരങ്ങുകളുടെ ശല്യം രൂക്ഷമാണ്. പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആർആർടി സംഘവും സ്ഥലത്തെത്തി കുരങ്ങുകളെ ഓടിച്ചു വിട്ടു. കൂടു സ്ഥാപിക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിച്ചു കുരങ്ങ് ശല്യം നിയന്ത്രിക്കുമെന്നു വനം വകുപ്പ് അറിയിച്ചു.
കാക്കാണിക്കര എസ്എൻ എൽപി സ്കൂളിലും കുരങ്ങ് ശല്യം അധ്യയനത്തെ ബാധിക്കുന്നതായി അധികൃതർ പറയുന്നു. കൂട്ടമായി എത്തി ക്ലാസുമുറികളിൽ കയറി പാഠപുസ്തകങ്ങൾ അടക്കം വലിച്ചു വാരിയിടുന്നുണ്ട്. പാചകപ്പുരയ് ക്കകത്തുവരെ കയറി ഭക്ഷണം വയ്ക്കുന്നതിനു തടസം സൃഷ്ടിക്കുന്നു.
സ്കൂളിലെ ബൾബുകൾ, പൈപ്പുകൾ എന്നിവ വ്യാപക മായി നശിപ്പിച്ചു. വാട്ടർടാങ്ക് അടക്കം പലപ്പോഴും മലിനമാക്കുന്നു. കഴിഞ്ഞ ദിവസം ക്ലാസ് മുറികളിലെ സ്പീക്കറിന്റെ വയറുകൾ വ്യാപകമായി വലിച്ചു പൊട്ടിച്ചു നശിപ്പിച്ചിരുന്നു. .