വിഴിഞ്ഞം തുറമുഖം റെയിൽവേ : ജനങ്ങളെ പറ്റിക്കാൻ ശ്രമമെന്ന് ജനകീയ പ്രതിരോധ സമിതി
1598488
Friday, October 10, 2025 5:26 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധിപ്പിച്ചുള്ള റെയിൽവേ നിർമാണത്തിലെ അവ്യക്തതക്കും ജനങ്ങളുടെ ആശങ്കക്കും അവസാനമില്ല. റെയിൽവേ കണക്ടിവിറ്റിക്ക് സ്ഥലം ഏറ്റെടുക്കില്ല എന്നു പറയുന്ന അധികാരികൾ ടണൽ പാതയുടെ മുഴുവൻ വിവരങ്ങളും ജനങ്ങൾക്ക് മനസിലാകുന്ന തരത്തിൽ ധവളപത്രം പുറപ്പെടുവിക്കണമെന്നു ജനകീയ പ്രതിരോധ സമിതി ചെയർമാൻ വെങ്ങാനൂർ ഗോപകുമാറും സെക്രട്ടറി മുല്ലൂർ മോഹനചന്ദ്രൻ നായരും ആവശ്യപ്പെട്ടു.
2008-ൽ 3000ഏക്കർ ഭൂമി ഏറ്റെടുത്ത് വിജ്ഞാപനം വന്നതുപോലെ ജനങ്ങളെ പറ്റിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ജനകീയ സമിതി പ്രസ്താവനയിൽ പറഞ്ഞു. ടണൽ പാതയുടെ മധ്യത്തിൽ നിന്നും 20-മീറ്റർ ദൂരത്തിൽ കിണർ, വീട് എന്നിവയ്ക്ക് നിർമാണനുമതി കൊടുക്കില്ലെന്നായിരുന്നു നിർമാണവുമായി ബന്ധപ്പെട്ടു റെയിൽവെ ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ മധ്യ ത്തിൽനിന്നും രണ്ടു വശങ്ങളിലേയ്ക്കും 200 മീറ്ററിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകില്ലെന്നാണ്. ഈ തീരുമാനം നൂറു കണക്കിന്ന് ആൾക്കാരെ ഏറെ പ്രതികൂലമായി ബാധിക്കും.
ബാലരാമപുരം മുതൽ വിഴിഞ്ഞം കരിമ്പള്ളിക്കര വരെ നീളുന്നതാണ് നിർദിഷ്ട തുരങ്കപാത. തുറമുഖത്ത് എത്തുന്നതിനും ഒരുകിലോമീറ്റർ മുൻപ് മുതൽ പാതാ ഭൂമിക്ക് പുറത്തു കൂടി കടന്നുപോകുമെന്നാണറിവ്. എന്നാൽ ആയിരക്കണക്കിനു കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു പൊതുജനത്തിനു വ്യക്തമായ യാതൊരറിവും ഇല്ല.
ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന പാത നിരവധി കുടുംബങ്ങളുടെ വസ്തുക്കളെയും വീടുകളെയും കീറി മുറിച്ചാകും പോവുക. മുകളിലൂടെയുള്ള നിർമാണ പ്രവർത്തനങ്ങൾക്കു കടുത്ത നിയന്ത്രണം വരുന്നതോടെ വിഴിഞ്ഞം തുറമുഖ വികസനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ഒരു വിഭാഗത്തിന് കനത്ത തിരിച്ചടിയാകും ഉണ്ടാവുക.
പത്തു വർഷമായി അനന്തമായി നീളുന്ന ചർച്ചകളും അലൈൻമെന്റ് മാറ്റിയുള്ള പരിപാടികളും തുടരുന്നെങ്കിലും പൊതുജനാഭിപ്രായ രൂപികരണവും നടന്നില്ല. ജനത്തിന് ആകെ അറിയാവുന്നത് ഉഹാപോകങ്ങൾ മാത്രം. ഇത്തരം നിലപാടിനു പിന്നിൽ തുറമുഖ വികസനത്തെ തകർക്കാൻ വലിയ ശക്തികൾ വീണ്ടും ശ്രമിക്കുന്നതായാണു ജനകീയസമര സമിതി ആരോപിക്കുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് അടിപാത നിർമി ക്കേണ്ടി വന്നാൽ ഭൂഉടമകൾക്ക് ഫലത്തിൽ ഈ ഭൂമികൊണ്ട് ഒരു പ്രയോജനവുമില്ല.
സർക്കാർ ഏറ്റെടുത്ത് ജനങ്ങളുടെ ഭൂമിക്ക് മാന്യമായ വില നൽകണം. അല്ലാത്തപക്ഷം ശക്തമായ സമരവുമായി ജനങ്ങൾക്ക് ഇറങ്ങേണ്ടിവരുന്ന സാഹചര്യമാണുള്ളത്. റിംഗ് റോഡിന് ഭൂമി എറ്റെടുത്ത സർക്കാർ ഇതുവരെ ജനങ്ങൾക്ക് ഒരു രൂപ പോലും നൽകിയിട്ടില്ല.ഇതുപോലെ റെയിൽവേയുടെ പേരിൽ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ബാലരാമപുരം - വിഴിഞ്ഞം റെയിൽ പാതയുടെ ധവളപത്രം പുറപ്പെടുവിച്ച് സർക്കാർ ജനങ്ങളുടെ ആശങ്ക അവസാനിപ്പിച്ചിലെങ്കിൽ ഒറ്റകെട്ടായി ചെറുക്കുമെന്ന് ജനകീയ പ്രതിരോധ സമിതിനേതാക്കൾ അറിയിച്ചു.