കെഎസ്ആര്‍ടിസിയില്‍ നിര്‍മിതബുദ്ധി പ്രയോജനപ്പെടുത്തും: മന്ത്രി
1598504
Friday, October 10, 2025 5:40 AM IST
നേമം: വാഹനങ്ങള്‍ ഓടിക്കാനും ഷെഡ്യൂള്‍ ചെയ്യാനുമായി കെഎസ്ആര്‍ടിസിയില്‍ നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തുമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സില്‍ ശീതികരിച്ച് ആധുനീകവത്കരിച്ച വര്‍ക് ഷോപ്പിന്റെയും നവീകരിച്ച സ്റ്റോറിന്റെ യും ഡ്രൈവിംഗ് സ്കൂളിന്റെയും ഐഡിടിആര്‍ എക്സ്റ്റന്‍ഷന്‍ സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
രാഷ്ട്രീയം മറന്നു കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. പ്ലാസ്റ്റിക്ക് കുപ്പിയിടാന് പാടില്ലെന്നു പറഞ്ഞതു സ്നേഹം കൊണ്ടാണ്. ജനങ്ങളുടെ മുമ്പില്‍ ജീവനക്കാര്‍ പരിഹാസ കഥാപാത്രമാകരുത്. മന്ത്രി കൂട്ടിച്ചേർത്തു. കെഎസ്ആര്‍ടിസിക്ക് ഡ്രൈവിംഗ് സ്കൂള്‍ വഴി രണ്ടര കോടി രൂപയുടെ ലാഭമുണ്ടായിട്ടുണ്ട്.
ബജറ്റ് ടൂറിസത്തിന്റെ മാതൃകയില്‍ എല്ലാ സ്കൂളുകളിലേയും കുട്ടികളെ കെഎസ്ആര്‍ടിസി ബസുകളില്‍ കയറ്റി വ്യവസായ സ്ഥാപനങ്ങളില്‍ സന്ദര്‍ശനത്തിനു സൗകര്യമൊരുക്കും. സ്കൂളുകളില്‍ എസ്പിസി മാതൃകയില്‍ റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി.
സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.എസ്. വിജയശ്രീ, വൈ.അഹമദ് കബീര്‍, കൗണ്‍സിലര്‍ ജി.എസ്. ആശാനാഥ്, എ. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.