നെടുമങ്ങാട് ഗവ.കോളജ് യൂണിയൻ കെഎസ്യുവിന് : ആഹ്ലാദപ്രകടനത്തിനിടെ കെഎസ്യു-എസ്എഫ്ഐ സംഘർഷം
1598876
Saturday, October 11, 2025 6:20 AM IST
നെടുമങ്ങാട് : ഗവൺമെന്റ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യു പ്രധാന സീറ്റുകളിൽ വിജയിച്ചു. തുടർന്നുള്ള ആഹ്ലാദപ്രകടനം സംഘർഷത്തിൽ കലാശിച്ചു.ചെയർമാനായി കെഎസ്യുവിലെ മുഹമ്മദ് അമീൻ, വൈസ് ചെയർപേഴ്സൺ ഗൗരി നന്ദന(കെഎസ്യു)ജന.സെക്രട്ടറി എ.എസ്.കാഷ്യപ്(കെഎസ്യു)ആർട്സ് ക്ലബ് സെക്രട്ടറി വി.എസ്.ശ്രീജ (കെഎസ്യു)മാഗസിൻ എഡിറ്റർ ഹബിൻ മുഹമ്മദ് (എസ്എഫ്ഐ) യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി ആദിത്യ കൃഷ്ണൻ,ഗംഗാ രാജേഷ്(എസ്എഫ്ഐ) എന്നിവരെ തെരഞ്ഞെടുത്തു.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനുശേഷം ടൗണിൽ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയാണ് സംഘർഷം നടന്നത്. നെടുമങ്ങാട് ഗവ.കോളജിലെ പ്രധാനപ്പെട്ട സീറ്റുകൾ നേടിയ കെഎസ്യു പ്രകടനത്തിനു പിന്നാലെ എസ്എഫ്ഐ പ്രവർത്തകരും പ്രകടനമായെത്തി. തുടർന്ന് കച്ചേരി ജംഗ്ഷനിൽ ഒത്തു കൂടിയവർ പരസ്പരം പോർ വിളികളുമായി ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
പിരിഞ്ഞു പോകലിനിടയിൽ എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്തുനിന്ന് കല്ലേറ് നടത്തിയെന്ന് ആരോപിച്ച് കെഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. വീണ്ടും സംഘർഷാവസ്ഥയായി. തുടർന്ന് പോലീസ് ഇരു വിഭാഗങ്ങളിളെയും പ്രവർത്തകരെ അനുനയിച്ച് പിരിച്ചുവിട്ടു.
എന്നാൽ, പിരിഞ്ഞ് പോകവെ കോടതി പരിസരത്തെ മറവിൽ നിന്ന് ഡിവൈഎഫ്ഐ നേതാക്കളെ കല്ലെറിഞ്ഞന്നാരോപിച്ചു നേതാക്കൾ പ്രതിഷേധവുമായി വന്നു.പൊലീസ് ഇടപെട്ട് ഇരു വിഭാഗത്തെയും പിരിച്ചു വിട്ട ശേഷം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നു.