ഇക്ബാൽ കോളജിൽ സംഘർഷം: പോലീസുകാരന് പരിക്കേറ്റു
1598880
Saturday, October 11, 2025 6:37 AM IST
പാലോട്: കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫലപ്രഖ്യാപനം വന്നതിനു പിന്നാലെ പെരിങ്ങമ്മല ഇക്ബാൽ കോളജിൽ എസ്എഫ്ഐ -കെഎസ്യു പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ പോലീസുകാരന് പരിക്കേറ്റു. കമ്പ് കൊണ്ടുള്ള ഏറിൽ വിതുര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ വി.എസ്. വിജിത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്.
ആദ്യം പാലോട് ആശുപത്രിയിലും പിന്നീട് ശസ്ത്രക്രിയയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇരുവിഭാഗം പ്രവർത്തകർക്കും പരിക്കുണ്ട്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പാലോട്, വിതുര, വലിയമല സ്റ്റേഷനുകളിലെപോലീസ് എത്തിയാണ് സംഘട്ടനം അവസാനിപ്പിച്ചത്.
തെരഞ്ഞെടുപ്പിൽ കെഎസ്യു മുഴുവൻ ജനറൽ സീറ്റും പിടിച്ചെടുത്തു. തുടർന്ന് ആഹ്ളാദ പ്രകടനം നടത്താൻ ശ്രമിക്കവെ എസ്എഫ്ഐ മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങി തടസപ്പടുത്തിയത് കെഎസ് യുക്കാരെ ചൊടിപ്പിച്ചു. ഇതോടെ സ്ഥിഗതികൾ വഷളായി. ഇതിനിടെയാണ് ആരോ വലിച്ചെറിഞ്ഞ കമ്പ് കൊണ്ട് പൊലീസുകാരന് തലയിൽ ആഴത്തിലുള്ള മുറിവേറ്റത്.
സംഘർഷം അയവ് വന്നതിനെ തുടർന്ന് കെഎസ് യു കോളജിൽ നിന്നും പ്രകടനം നടത്തി പാലോട് അവസാനിപ്പിച്ചു.
ഇക്ബാൽ കോളജിൽ മുഴുവൻ സീറ്റും കെഎസ് യു നേടി
പാലോട്: പെരിങ്ങമ്മല ഇക്ബാൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ ജനറൽ സീറ്റും നേടി കെഎസ്യുവിന് തിളക്കമാർന്ന വിജയം. എസ്എഫ്ഐയിൽ നിന്നും യൂണിയൻ തിരിച്ചു പിടിക്കുകയായിരുന്നു. വിജയിച്ച കെഎസ് യു യൂണിയൻ ഭാരവാഹികൾ: മുഹമ്മദ് എസ്. ഫൈസ്( ചെയർമാൻ), അസ്ന നവാസ്( വൈസ്. ചെയർമാൻ), എസ്. അംജത് മുഹമ്മദ്( ജനറൽ സെക്രട്ടറി), ആർ. അഭിഷേക്, എസ്.മുഹമ്മദ് ഹാരിസ് ( യൂണിയൻ കൗൺസിലർ), അൽ അമീൻ( ആർട്സ് ക്ലബ് സെക്രട്ടറി), എസ്. മുഹമ്മദ് സഹിൽ( മാഗസിൻ എഡിറ്റർ), എ. ആഷിഫ, എസ്.എസ്. ആമിന( ലേഡി റെപ്).