ഷാഫി പറന്പിലിനെതിരായ പോലീസ് നടപടി : യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; പോലീസ് ലാത്തിവീശി
1598867
Saturday, October 11, 2025 6:20 AM IST
തിരുവനന്തപുരം: ഷാഫി പറന്പിൽ എംപിക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കു നേരെ പോലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റു. പരിക്കേറ്റവരുൾപ്പെടെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ സെക്രട്ടേറിയറ്റ് പരിസരം രാത്രി ഏറെ നേരം സംഘർഷത്തിന്റെ പിടിയിലമർന്നു.
ഷാഫി പറന്പിലിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി പത്തരയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. സംസ്ഥാന വ്യാപകമായി തെരുവിൽ പോലീസിനെതിരായി പ്രതിഷേധങ്ങളുയർന്ന പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിന് കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരുന്നത്.
പ്രതിഷേധ മുദ്രാവാക്യങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നിലേക്ക് ഇരച്ചെത്തിയ പ്രവർത്തകരുടെ വൈകാരിക പ്രതികരണങ്ങൾക്കു പിന്നാലെ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകരിൽ ചിലരെ പോലീസ് വളഞ്ഞിട്ടു തല്ലി. ഇതു തടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.
ആദ്യഘട്ടത്തിൽ തന്നെ പോലീസ് ലാത്തി വീശിയിട്ടും പിന്തിരിയാൻ കൂട്ടാക്കാതെ പ്രവർത്തകർ പോലീസിനോടേറ്റുമുട്ടുന്ന കാഴ്ചയ്ക്കാണ് നഗരം സാക്ഷ്യം വഹിച്ചത്. ലാത്തിച്ചാർജിൽ പരിക്കേറ്റ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ സെക്രട്ടേറിയറ്റ് പരിസരം ഏറെ നേരം സംഘർഷാന്തരീക്ഷത്തിലമർന്നു.