മയക്കുമരുന്ന് കേസ് പ്രതിയുടെ വസ്തുവകകൾ കണ്ടുകെട്ടി
1598881
Saturday, October 11, 2025 6:37 AM IST
തിരുവനന്തപുരം: നഗരത്തിൽ സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തി നിരവധി കേസുകളിൽ ഉൾപ്പെട്ട തന്പാനൂർ ഫയർഫോഴ്സ് സ്റ്റേഷനു സമീപം കീഴേപുളിക്കൽ വീട്ടിൽ താമസിക്കുന്ന വിഷ്ണു എസ്. കുമാർ (25) ന്റെ വാഹനങ്ങളുൾപ്പടെയുള്ള വസ്തുവകകൾ എൻഡിപിഎസ് നിയമപ്രകാരമുള്ള കോംപീറ്റന്റ് അഥോറിറ്റി ഉത്തരവ് പ്രകാരം പോലീസ് കണ്ടു കെട്ടി.
2024 നവംബറിൽ 10 ഗ്രാം എംഡിഎംഎയുമായി സിറ്റി ഡാൻസാഫ് സംഘവും തുന്പ പോലീസും സംയുക്തമായി നടത്തിയ റെയിഡിൽ വിഷ്ണുവിനെ പിടികൂടിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ വിഷ്ണു വീണ്ടും മയക്കുമരുന്ന് കച്ചവടത്തിലേർപ്പെട്ടു. ജൂണിൽ ബംഗളൂരുവിൽ നിന്ന് കാർ മാർഗം 47 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെ മോഷണ കേസുകളിൽ പ്രതിയായ രമേഷിനോടൊപ്പം ഡാൻസാഫ് സംഘം പേരൂർക്കട പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പിടികൂടിയിരുന്നു.
വിഴിഞ്ഞം പോലീസ് സ്റ്റേഷനിലും മയക്കുമരുന്ന് കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ഇയാൾക്കെതിരെ പേരൂർക്കട ഐഎസ്എച്ച്ഒ എം. ഉമേഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിഐജിയും സിറ്റി പോലീസ് കമ്മീഷണറുമായ തോംസണ് ജോസ് കോംപീറ്റന്റ് അഥോറിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങളും നിക്ഷേപങ്ങളും കണ്ടുകെട്ടിയത്.
തിരുവനന്തപുരം നഗരത്തിൽ മയക്കുമരുന്ന് കച്ചവടത്തിലേർപ്പെട്ടിരിക്കുന്ന ചില്ലറ, മൊത്ത ലഹരി വിൽപ്പനക്കാർക്കെതിരെ വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള ശക്തമായ നടപടികൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.