ബസ് സർവീസ് ഇല്ല: പനയമുട്ടം-ചേപ്പിലോട് പ്രദേശവാസികൾ യാത്രാദുരിതത്തിൽ
1598501
Friday, October 10, 2025 5:40 AM IST
നെടുമങ്ങാട്: ബസ് സർവീസ് ആവശ്യത്തിന് ഇല്ലാതെ പനയമുട്ടം-ചേപ്പിലോട് നിവാസികൾ യാത്രാദുരിതത്തിൽ. വിദ്യാർഥികളും ഗ്രാമീണ മേഖലയിൽനിന്ന് ടൗണിൽ ജോലിക്ക് പോകുന്നവരുമുൾപ്പെടെ സ്ഥിരം യാത്രക്കാരാണ് വലയുന്നത്.
രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയത്ത് ഓപ്പറേറ്റു ചെയ്തിരുന്ന രണ്ടു സർവീസുകൾ നിറുത്തിവച്ചിരിക്കുന്നതാണ് യാത്രാദുരിതത്തിന് ഇടയാക്കിയതെന്നു യാത്രക്കാർ പറയുന്നു. രാവിലെ ഏഴിന് ആദ്യ സർവീസ് വന്നുമടങ്ങിയാൽ പിന്നെ 8.15-നെ ബസുള്ളു. നെടുമങ്ങാടും സിറ്റിയിലും പഠിക്കുന്ന കുട്ടികളും സ്ഥലവാസികളും കൂടുതലായി ആശ്രയിക്കുന്നത് ഈ സർവീസിനെയാണ്.
മിക്ക ദിവസങ്ങളിലും ഇതു മുടക്കമായിരിക്കും. സർവീസുള്ള ദിവസങ്ങളിൽ ഓവർലോഡ് കാരണം കയറ്റം കയറാനാകാതെനിന്നു പോകാറുമുണ്ട്. 8.50ന് സ്കൂളിൽ എത്തേണ്ട വിദ്യാർഥികൾ മിക്കപ്പോഴും ഒമ്പതു മണി കഴിയും. ഇക്കാരണത്താൽ പ്രദേശത്തെ കുട്ടികൾ പതിവായി ക്ലാസിനു പുറത്തു നിൽക്കേണ്ട അവസ്ഥയാണെന്നും പരാതിയുണ്ട്.
കൊവിഡിന് മുമ്പ് രാവിലെ 7.30ന് നെടുമങ്ങാട് നിന്നു പനയമുട്ടത്തേക്കു നടത്തിയിരുന്ന സർവീസ് ഇപ്പോൾ ഓടിക്കുന്നില്ല. ഇതേക്കാൾ ദുരിതപൂർണമാണ് വൈകുന്നേരത്തെ കാഴ്ച. 4.10ന് ചേപ്പിലോടു ബസ് പുറപ്പെട്ടുകഴിഞ്ഞാൽ 5.10നാണ് അടുത്ത സർവീസ്. തിരക്കു കാരണം വിദ്യാർഥികൾക്ക് ബസിൽ കയറാൻ കഴിയില്ല.
വേറെ സർവീസ് ഇല്ലാത്തതിനാൽ കുട്ടികൾ ഫുട്ബോർഡിൽ നിന്നായിരിക്കും മിക്കവാറും യാത്ര ചെയ്യുന്നത്. ഇതുമൂലം നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ആനാട് എസ്എൻവിഎച്ച്എസ്എസിലും നെടുമങ്ങാട്ടെ സമാന്തര വിദ്യാലയങ്ങളിലും ഗവണ്മെന്റ് കോളജിലും ടെക്നിക്കൽ സ്കൂളിലും പഠിക്കുന്ന കുട്ടികൾ ബസിൽ ഇടം കിട്ടാതെ കിലോമീറ്ററുകൾ കാൽനടയായി വീടുകളിൽ എത്തുമ്പോൾ നേരമിരുട്ടും. കുട്ടികൾ മടങ്ങിയെത്തുംവരെ രക്ഷിതാക്കളുടെയുള്ളിൽ തീയാണ്. തിരക്ക് മുൻനിറുത്തി ഇതേസമയത്ത് മുമ്പ് ഓടിച്ചിരുന്ന ബസും നിറുത്തലാക്കിയിട്ട് രണ്ടുവർഷമായി.
നിർത്തിവച്ച സർവീസുകൾ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നെടുമങ്ങാട് ഡിടിഒ അടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടും നടപടിയായിട്ടില്ലെന്നും ആക്ഷേപമുണ്ട്.