നെടുമങ്ങാട് - കന്യാകുമാരി സൂപ്പർഫാസ്റ്റ് ഉദ്ഘാടനം
1598282
Thursday, October 9, 2025 6:33 AM IST
നെടുമങ്ങാട്: കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ നിന്നും കന്യാകുമാരി സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു. മലയോരനിവാസികളുടെ ഏറെനാളത്തെ ആവശ്യമാണ് നിറവേറിയത്. ഉച്ചയ്ക്ക് 1.30ന് നെടുമങ്ങാട് നിന്നും ആരംഭിച്ച് ആര്യനാട്- കാട്ടാക്കട- നെയ്യാറ്റിൻകര വഴിയാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളതെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
നേരത്തെ, പുത്തൻപാലം വഴി വെഞ്ഞാറമൂട് എത്തിച്ചേർന്ന് അവിടെനിന്നും വെമ്പായം വഴി തിരികെ നെടുമങ്ങാട് എത്തി കന്യാകുമാരിക്ക് പുറപ്പെടുന്ന വിധത്തിൽ കന്യാകുമാരി ട്രിപ്പ് നിശ്ചയിച്ചിരുന്നെങ്കിലും യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മന്ത്രി ഇടപെട്ട് മാറ്റം വരുത്തുകയായിരുന്നു.
പുതിയ സർവീസ് മന്ത്രി ജി.ആർ. അനിൽ ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ഡിപ്പോയിൽ സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയുടെ സഹകരണത്തോടെ ആരംഭിച്ച എമർജൻസി മെഡിക്കൽ കെയർ യൂണിറ്റും ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ,അസി. ട്രാൻസ്പോർട്ട് ഓഫീസർ ഷെർസിൻ തുടങ്ങിയവർ പങ്കെടുത്തു.