കേരളത്തിന്റെ പൊതുവിതരണ ശൃംഖല മാതൃക: മന്ത്രി കെ.എൻ.ബാലഗോപാൽ
1598868
Saturday, October 11, 2025 6:20 AM IST
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിതരണ ശൃംഖല മറ്റുസംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും വിലക്കയറ്റം തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ മെഷനറികൾ വഹിക്കുന്ന പങ്ക് വലുതാണെന്നും ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ. ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിശാഗാന്ധിയിൽ നടത്തിയ വിഷൻ 2031 സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് അതിവിശാലമായ പൊതുവിതരണ ശൃംഖലയുടെ കരുത്തിലാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ ഇടപെടൽ വിജയകരമായി നടപ്പാക്കാമെന്നതിന്റെ ഉദാഹരണമായിരുന്നു ഇത്തവണത്തെ ഓണക്കാലം.
ഓണവിപണിയിൽ ഒരു സാധനത്തിനും ഉത്സവക്കാല വിലവർധന ഉണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ ഒരുവിധ സഹായവും ഉണ്ടായില്ല. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ 20 കിലോഗ്രാം അരി വീതം 25 രുപ നിരക്കിലാണ് നൽകിയത്. ഒരു കുടുംബത്തിന് 44 കിലോ അരിവരെ സൗജന്യ നിരക്കിലും ന്യായ വിലയിലും ലഭ്യമാക്കി.
പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ റാങ്കിങ്ങിൽ കാർഷികവ്യവസായ മേഖലകളിൽ മുന്നിൽ നിൽക്കുന്ന പല സംസ്ഥാനങ്ങൾക്കും താഴെയാണ് നമ്മുടെ സ്ഥാനം- മന്ത്രി പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി മന്ത്രി പി.പ്രസാദ് മുഖ്യാതിഥിയായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം വകുപ്പിന്റെ ഒമ്പത് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ധനകാര്യ കമ്മീഷൻ ചെയർമാൻ കെ എൻ ഹരിലാൽ, ഐ ഐ ടി ഡൽഹി പ്രൊഫസർ ഋതിക എസ് ഖേര, ആസൂത്രണ ബോർഡംഗം രവി രാമൻ, ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ഡോ ജിനു സക്കറിയ ഉമ്മൻ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ, ലീഗൽ മെട്രോളജി കൺട്രോളർ ജെ കിഷോർ കുമാർ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ കെ , റേഷനിംഗ് കൺട്രോളർ ജ്യോതികൃഷ്ണ ബി തുടങ്ങിയവർ പങ്കെടുത്തു.