ദൈവാശ്രയ ബോധം നഷ്ടപ്പെടരുത്: കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ
1598869
Saturday, October 11, 2025 6:20 AM IST
തിരുവനന്തപുരം: വിശ്വാസ ജീവിതത്തില്‍ ദൈവാശ്രയ ബോധം നഷ്ടപ്പെടരുതെന്നു മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജര്‍ അതിഭദ്രാസനം നടത്തുന്ന 33-ാമത് മലങ്കര കാത്തലിക് ബൈബിള്‍ കണ്വെന്ഷന് പട്ടം സെന്റ് മേരീസ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടമായ രക്ഷയുടെ ആനന്ദം തിരികെ എത്തിക്കുന്നതിന് ഈ ബൈബിള്‍ കണ്വെന്ഷന് സഹായിക്കും. യുവതീയുവാക്കളും കുഞ്ഞുങ്ങളും ദൈവാശ്രയ ബോധത്തില്‍ വളരണം. ചെറുപ്രായത്തില്‍ മയക്കുമരുന്നിന് അടിമകളാകുന്ന കുഞ്ഞുങ്ങള്‍ നമ്മെ വേദനിപ്പിക്കുന്നു. നമുക്ക് ആശ്രയിക്കാവുന്നത് മാറ്റമില്ലാത്തവനായ യേശുക്രിസ്തുവില്‍ മാത്രമാണ്. സ്വര്‍ഗത്തിലും ഭൂമിയിലും അധികാരമുള്ളവന്റെ കൈപിടിച്ച് നമുക്ക് മുന്നേറാമെന്നും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
ഫാ.ഡാനിയേല്‍ പൂവണ്ണത്തിലാണ് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന മലങ്കര കാത്തലിക് ബൈബിള്‍ കണ്‍വെന്‍ഷനു നേതൃത്വം നല്‍കുന്നത്. ഇന്നു വൈകുന്നേരം തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ നിയുക്ത സഹായ മെത്രാന് മോണ്‍. ജോണ്‍ കുറ്റിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
സമാപനദിവസമായ നാളെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന് ഡോ.ആര്. ക്രിസ്തുദാസ് സമാപന സന്ദേശം നല്‍കും. തിരുവനന്തപുരം വൈദിക ജില്ലാ സമിതിയാണ് കണ്വെന്ഷന് നേതൃത്വം നല്‍കുന്നത്.