മാർ ഗ്രിഗോറിയോസ് അനുസ്മരണം: അവർ 150 പേർ അധ്യാപകരായി
1598870
Saturday, October 11, 2025 6:20 AM IST
തിരുവനന്തപുരം: അവർ150 പേർ ഒരു ദിനത്തേക്ക് അധ്യാപകരായി. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സ്കൂൾ ഭരണം പൂർണമായി വിദ്യാർഥികൾക്ക് നൽകി മാതൃക ആയത്.
സ്കൂൾ സ്ഥാപകനും രക്ഷാധികാരിയുമായിരുന്ന ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപോലീത്തായുടെ മുപ്പത്തി ഒന്നാമത് ഓർമ ദിനത്തിന്റെയും സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടേയും ഭാഗമായിട്ടായിരുന്നു ഒരു ദിനം സ്കൂൾ ഭരണം വിദ്യാർത്ഥികൾക്ക് എന്ന പരിപാടി സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ പറഞ്ഞു.
ഈ വർഷത്തെ അന്താരാഷ്ട്ര അധ്യാപക ദിനാചരണത്തിന്റെ മുഖ്യ സന്ദേശമായ അധ്യാപനത്തെ ഒരു സഹകരണ തൊഴിലായി പുനർരൂപകൽപ്പന ചെയ്യുക മുൻ നിർത്തി ആയിരുന്നു വിദ്യാർഥികൾക്ക് അധ്യാപകരാൻ അവസരം നൽകിയത്.
വിദ്യാഭ്യാസത്തിൽ ടീം വർക്കിന്റെ പരിവർത്തന ശക്തിക്ക് ഊന്നൽ നൽകുക എന്നതാണ് ഈ വർഷം അന്താരാഷ് ട്ര തലത്തിൽ മുന്നോട്ടു വക്കുന്ന പ്രമേയം.
സ്കൂൾ ഭരണത്തിന്റെ പ്രതീകമായി താക്കോൽ പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ സ്റ്റുഡന്റ് പ്രിൻസിപ്പൽ അലൻ സജിക്കും സ്റ്റുഡന്റ്സ് വൈസ് പ്രിൻസിപ്പൽ സൂര്യ നന്ദക്കും കൈമാറി.
വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ, പിടിഎ പ്രസിഡന്റ് ഡോ.ആൻജലോ മാത്യു എന്നിവർ പങ്കെടുത്തു.