കെട്ടിടം ഉദ്ഘാടനം ചെയ്തു
1598512
Friday, October 10, 2025 5:48 AM IST
പേരൂര്‍ക്കട: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തുതന്നെ ഉയര്‍ന്ന നിലവാരത്തിലാണെന്നു മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പിഎംജി ഗവ. സിറ്റി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പൊതുമരാമത്ത് പ്ലാന്‍ ഫണ്ടും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടും ചേര്‍ത്ത് 4.19 കോടി രൂപ വിനിയോഗിച്ചാണു പുതിയ മന്ദിരം നിര്‍മിച്ചത്. 13,225 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച കെട്ടിടത്തില്‍ മൂന്ന് നിലകളിലായി 11 ക്ലാസ് മുറികള്‍, ഓഫീസ് മുറി, സ്റ്റാഫ് റൂമുകള്‍, ലൈബ്രറി എന്നിവയുണ്ട്. വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.എസ്. സുജിന്‍, പ്രധാനാധ്യാപിക എസ്. ജിജി, കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ എ. മേരി പുഷ്പം, പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി. ഇന്ദു എന്നിവര്‍ പങ്കെടുത്തു.