അപ്രതീക്ഷിതമായി പായ്ക്കപ്പൽ; ആദ്യം ആശങ്ക, പിന്നെ ആശ്വാസം
1598875
Saturday, October 11, 2025 6:20 AM IST
വിഴിഞ്ഞം: തുറമുഖത്തിന് സമീപം അപ്രതീക്ഷിതമായി കൂറ്റൻ പായ്ക്കപ്പൽ പ്രത്യക്ഷപ്പെട്ടു. പരിചിതമല്ലാത്ത തരത്തിലുള്ള കടൽ യാനം കണ്ട് സംശയം തോന്നിയ മത്സ്യത്തൊഴിലാളികൾ മറൈൻ എൻഫോഴ്സ്മെന്റിലും തീരദേശ പോലീസിലും വിളിച്ച് തിരക്കി. സേനകളും അറിയില്ലെന്ന് പറഞ്ഞതോടെ സംശയം ആശങ്കയ്ക്ക് വഴിമാറി. ഒടുവിൽ കോസ്റ്റൽ പോലീസ് ബോട്ടുമായി കടലിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ നേവിയുടെ ട്രെയിനികളാണെന്ന് കണ്ടെത്തിയതോടെയാണ് ആശങ്കയകന്നത്.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയാണ് നേവിയുടെ പായ്ക്കപ്പൽ സുദർശിനി വിഴിഞ്ഞം തുറമുഖത്തിന് സമീപം നങ്കൂരമിട്ടത്. കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്നതിനിടയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കാണണമെന്നുള്ള ട്രെയിനികളുടെ ആഗ്രഹമാണ് പായ്ക്കപ്പൽ തീരത്തോട് ചേർന്ന് അടുപ്പിക്കാനുള്ള കാരണം. തുറമുഖത്തിന്റെ അതിർത്തിക്കുള്ളിൽ പ്രവേശിക്കുന്നതിന് മുൻപ് ഇത്തരം യാനങ്ങൾ പോർട്ട് അധികൃതരെ അറിയിക്കണമെന്നുണ്ട്. വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖത്തിന്റെയും മാരിടൈം ബോർഡിന്റെയും തുറമുഖത്തിന് സമീപം പായ്ക്കപ്പൽ നങ്കൂരമിട്ടെങ്കിലും അധികൃതർ അറിഞ്ഞില്ല.
ഇതും തുടക്കത്തിൽ സംശയത്തിനിടവരുത്തി. എന്നാൽ തീരസംരക്ഷണ സേനക്ക് നിർദ്ദേശം നൽകിയതായും അറിയുന്നു. കടലിൽ സംശയകരമായ സാഹചര്യത്തിൽ ഏതെങ്കിലും യാനങ്ങളെ കണ്ടാൽ ഉടൻ വിവരമറിയിക്കണമെന്ന് മത്സ്യത്തൊഴിലാളികൾക്ക് അധികൃതർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് ഇന്നലെയും വിവരം കൈമാറിയത്. കുറച്ച് സമയം ചിലവഴിച്ചശേഷം പായ്ക്കപ്പൽ കൊച്ചിയിലേക്ക് മടങ്ങി.
എന്നാൽ തീരത്ത് നിന്ന് കഷ്ടിച്ച് നാല് കിലോമീറ്ററിന് സമീപം വരെ പായ്ക്കപ്പൽ അടുത്തിട്ടും അധികൃതർ അറിഞ്ഞില്ല. കപ്പൽ വന്ന് മടങ്ങിയത് അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുമായി വന്ന് വാർഫിൽ അടുക്കാൻ ഊഴം കാത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയ്നർ കപ്പലുകൾക്ക് സമീപത്തിലൂടെയെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഏറെ സുരക്ഷവേണ്ട തീരത്ത് അപ്രതീക്ഷിതമായി വ്യത്യസ്ത തരത്തിലുള്ള കപ്പൽ എത്തിയതാണ് മത്സ്യത്തൊഴിലാളികളുടെ സംശയത്തിനും ആശങ്കക്കും വഴിതെളിച്ചത്.