പുത്തൻവിളയിൽ പൈപ്പ്പൊട്ടി: ജലവിതരണം പൂർണമായും മുടങ്ങി
1589485
Friday, September 5, 2025 6:28 AM IST
പേരൂർക്കട: വാട്ടർ അഥോറിറ്റി പേരൂർക്കട സെക്ഷൻ പരിധിയിൽ വരുന്ന പുത്തൻ വിളയിൽ പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങി. കുടപ്പനക്കുന്നിൽനിന്നു മടത്തിനടയിലേക്കു നീളുന്ന റോഡിൽ 300 മീറ്റർ പിന്നിടുമ്പോഴാണ് പുത്തൻ വിളയെത്തുന്നത്.
പേരൂർക്കട സെക്ഷൻ പരിധിയിൽനിന്നു കുടപ്പനക്കുന്നിലേക്ക് ജലം എത്തിച്ച ശേഷമാണ് ഈ ഭാഗത്തേക്ക് വിതരണം ചെയ്യുന്നത്. ഇതുവഴി ജലം കടന്നുപോകുന്ന 200 എംഎം പിവിസി പൈപ്പിലായിരുന്നു ചോർച്ച.
പൈപ്പ് പൊട്ടിയതിനെത്തുടർന്ന് പാതിരിപ്പള്ളി, അക്ഷയ ഗാർഡൻസ്, പുത്തൻ വിള, ഗ്രീസ് ഗാർഡൻസ്, മഠത്തുനട തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങി. എംഎൽഎ റോഡിൽനന്നു പുത്തൻവിളയിലേക്കു ജലം കൊണ്ടുപോകുന്ന പൈപ ്പിന്റെ ജോയിന്റിലായിരുന്നു ചോർച്ച.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു വാട്ടർ അഥോറിറ്റി അധികൃത സ്ഥലത്തെത്തി അറ്റകുറ്റപ്പണി പൂർത്തീകരിച്ചുവെങ്കിലും വീണ്ടും ചോർച്ചയുണ്ടാകുകയായിരുന്നു. ജല ചോ ർച്ചയുള്ള ഭാഗത്തു നാട്ടുകാർ ചേർന്നു മരത്തിന്റെ ചില്ലകൾ നാട്ടുകയായിരുന്നു.
കൊടും വളവുകടന്നു വരുന്നതിനു സമീപത്താണ് പൈപ്പു പൊട്ടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതുവഴി വലിയ വാഹനങ്ങൾ കടന്നു പോകുന്നതു ദുഷ്കരമായിട്ടുണ്ട്. അവധി ദിവസങ്ങൾ കടന്നുവരുന്നതിനാൽ പൈപ്പിലെ ചോർച്ച സംബന്ധിച്ചു അറ്റകുറ്റപ്പണി വീണ്ടും എന്നുണ്ടാകും എന്ന കാര്യത്തിൽ ഉറപ്പില്ല. ഓണദിനങ്ങളിൽ ചില സ്ഥലങ്ങളിൽ കുടിവെള്ളം പൂർണമായും മറ്റു സ്ഥലങ്ങളിൽ ഭാഗികമായും മുടങ്ങുന്നതിലുള്ള പ്രതിഷേധത്തിലാണു നാട്ടുകാർ.