പുല്ലുവിള മേഖലയിൽ തെരുവുനായ ആക്രമണം: 15 പേർക്കു കടിയേറ്റു
1588960
Wednesday, September 3, 2025 6:52 AM IST
പൂവാർ: തീരദേശത്തെ പേടിയുടെ മുൾമുനയിൽ നിർത്തി രാത്രിയിൽ തെരുവു നായയുടെ തേർവാഴ്ച. ഏഴു വയസുകാരി ഉൾപ്പെടെ പതിനഞ്ചോളം പേരെ കടിച്ച് പരിക്കേൽപ്പിച്ചു. നിരവധി പേർ കടിയേൽക്കാതെ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. പലരുടെയും പരിക്ക് ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പുല്ലുവിള സ്വദേശികളായ മിഥുൻ (16), പനിയമ്മ (64), സുവർണ്ണ (ഏഴ്), ആന്റണി (52), കൊച്ചുപള്ളി സ്വദേശികളായ ദീപ (22), സൗമ്യ (28), ഗോര പ്രസാദ് (32), ജ്ഞാനമ്മ (73), ബിജു (48), ലോർദോൻ ജോൺ ബ്രിട്ടോ, റജി, അടിമലത്തുറ സ്വദേശി പീറ്റർ, പള്ളം സ്വദേശി റൈസൺ (54) എന്നിവർക്കാണ് കടിയേറ്റത്.
വൈകുന്നേരം ആറു മണി മുതൽ രാത്രി ഒൻപതര വരെ കടിയേറ്റവർ പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കായി എത്തി. ഇവരെയെല്ലാം കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരം ആറോടെ പള്ളം മേഖലയിലാണ് തെരുവുനായ ആദ്യമെത്തിയത്.
റൈസനെ കടിച്ചു പരിക്കേൽപ്പിച്ച ശേഷം നാലു കിലോമീറ്ററിനുള്ളിൽ കണ്ണിൽ കണ്ടവരെയെല്ലാം തെരുവുനായ കടിച്ചുപറിച്ചു. ആൾക്കാരുടെ കാലിലും മുതികിലും പുറകിലും വയറിലുമെല്ലാമാണ് കടിയേറ്റത്.
പുറത്തിറങ്ങി നടക്കുന്ന കൂടുതൽ പേരെ ഇനിയും കടിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. മൂന്നരമണിക്കൂറുകൊണ്ട് ഇത്രയും പേരെ കടിച്ച നായ നിരവധി തെരുവുനായകളെയും ആക്രമിച്ചതായി നാട്ടുകാർ പറയുന്നു.
ചാരക്കളറിലുള്ള നായയാണ് കടിച്ചതെന്ന് ആക്രമണത്തിനിറയായവർ പറയുന്നു. വിവരം ഡിഎംഒ ഉൾപ്പെടെയുള്ള അറിയിച്ചതായി പുല്ലുവിള മെഡിക്കൽ ഓഫീസർ മിനി പറഞ്ഞു.