പാച്ചല്ലൂർ ജലഘോഷയാത്രയും ഓണം വാരാഘോഷവും: അവലോകന യോഗം ചേർന്നു
1588973
Wednesday, September 3, 2025 7:01 AM IST
തിരുവല്ലം: പാച്ചല്ലൂർ പൊഴിക്കരയിൽ അഞ്ചുമുതൽ ഏഴുുവരെയുള്ള തിയതികളിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി അവലോകന യോഗം ചേർന്നു. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും വെള്ളാർ വാർഡ് ജനകീയ സമിതിയും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
സംഘാടകസമിതി ചെയർമാനും നഗരസഭ കൗൺസിലറുമായ പനത്തുറ പി. ബൈജു അധ്യക്ഷത വഹിച്ചു. പോലീസ്, കോസ്റ്റ്ഗാഡ്, ഫയർഫോഴ്സ്, ജലഗതാഗത വകുപ്പ്, ആരോഗ്യ വകപ്പ്, നഗരസഭ അധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കൗൺസിലർ എസ്.എം. ബഷീർ, എ.ജെ. സുകാർണോ, തിരുവല്ലം എസ്ഐ നൗഷാദ്, കോസ്റ്റ് ഗാർഡ് എസ്ഐ സുരേഷ്, ഇറിഗേഷൻ വകുപ്പ് എഇ ഉണ്ണികൃഷ്ണൻ, ആരോഗ്യ വകുപ്പ് എച്ച്ഐ രാജ്കുമാർ, നഗരസഭ എച്ച്ഐ അനുരൂപ് എന്നിവർ പ്രസംഗിച്ചു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ആറിനു വൈകുന്നേരം നാലിനു മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്ന ജലഘോഷയാത്രയിൽ ജനപ്രതിനിധികളും വിവിധ സാമൂഹിക-സാമുദായിക -സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
അഞ്ചുനു വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം നളന്ദ അവതരിപ്പിക്കുന്ന നാടൻപാട്ടും, ആറിനു വൈകുന്നേരം നാലിനു ചെണ്ടമേളവും തുടർന്ന് തിരുവനന്തപുരം വേഴ്സ് അവതരിപ്പിക്കുന്ന ഗാനമേളയും അഞ്ചിനു മജലഘോഷയാത്രയും ഉണ്ടായിരിക്കും.
ഏഴിന് വൈകുന്നേരം അഞ്ചുമുതൽ പൊഴിക്കരയിലുള്ള നിശാ വേദിയിൽ തിരുവാതിര, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാൻസ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ടെന്നും സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. കോ-ഓഡിനേറ്റർ ഡി. ജയകുമാർ പരിപാടി വിശദീകരിച്ചു. ജനറൽകൺവീനർ എസ്. ഉദയരാജ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്. പ്രശാന്തൻ നന്ദിയും പറഞ്ഞു.