പാപ്പനംകോട് പൂഴിക്കുന്നിൽ ഭീമന് പൂക്കളം
1589474
Friday, September 5, 2025 6:22 AM IST
നേമം: ജില്ലയിലെ ഒണാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ പാപ്പനംകോട് പൂഴിക്കുന്നില്‍ പതിവ് തെറ്റിക്കാതെ പൗരസമിതിയുടെ നേതൃത്വത്തില്‍ പൂക്കളും ഇലകളും മാത്രം ഉപയോഗിച്ചുള്ള ഭീമന് പൂക്കളം ഇത്തവണയും വലിപ്പത്തില്‍ ഒന്നാമതായി. മതമൈത്രിയിലൂടെ വൈവിധ്യ ചിത്രങ്ങള്‍ ഇതിനോടകം അത്തക്കളത്തില്‍ ഇടം പിടിച്ചു.
ഇരുപതടി നീളവും പതിനഞ്ചടി വീതിയുമുള്ള വലിയ പൂക്കളം ജില്ലയില്‍ തന്നെ ഏറ്റവും വലിയ അത്തപൂക്കളമാണെന്നു സംഘാടകര്‍ അവകാശപ്പെടുന്നു. എല്ലാവര്‍ഷവും വലിയ പൂക്കളമൊരുക്കുന്നതിനാല് ആദ്യദിവസം മുതല്‍ തന്നെ വലിയ ജനശ്രദ്ധയാണ് പൂഴിക്കുന്നിലെ പൂക്കളത്തിനു ലഭിക്കുന്നത്. അത്തമൊരുക്കാന്‍ ആവശ്യമായ പൂക്കള്‍ തോവാളയില്‍ നിന്നാണ് എത്തിക്കുന്നത്. ഒരോ ദിവസത്തേയും പൂക്കളങ്ങള്‍ നാട്ടുകാരിലാരെങ്കിലും സ്പോണ്സര് ചെയ്യുകയാണ് പതിവ്.
രാത്രി പന്ത്രണ്ടിനുശേഷം ആരംഭിക്കുന്ന അത്തമൊരുക്കല് പുലര്‍ച്ചെ വരെ നീളും. കൃത്രിമമായ പൊടികളും മറ്റും ഉപയോഗിക്കാതെ പൂവും ഇലയുംമാത്രം കൊണ്ടു തയാറാക്കുന്ന അത്തക്കളത്തില്‍ ഒരു വശം പൂക്കളവും മറുവശത്ത് സ്പോണ്‍സറുടെ താല്പര്യമനുസരിച്ചുള്ള ചിത്രവുമായിരിക്കും. ചിത്രങ്ങള്‍ക്ക് നിറം പകരാന്‍ ഓരോ നിറത്തിലുള്ള പൂക്കളാണ് ഉപയോഗിക്കുന്നത്.
അത്തത്തിനു തുടക്കംകുറിച്ച് ആദ്യ ദിവസം ലക്ഷ്മി ദേവിയുടെ രൂപമാണ് പൂക്കളില്‍ വിടര്‍ന്നത്. പിന്നീട് അയ്യപ്പന്, ആറ്റുകാല്‍ ദേവി, ശ്രീകൃഷ്ണന്, കന്യകാമറിയം, യേശുക്രിസ്തു തുടങ്ങിയ രൂപങ്ങളും പൂക്കളത്തെ വേറിട്ടതാക്കി. പൗരസമിതി അംഗങ്ങളുടെ ഭാവനയില്‍ വിരിയുന്ന ഡിസൈനുകളാണു പൂക്കളത്തില്‍ തെളിയുന്നത്.
പൂഴിക്കുന്ന് പൗരസമിതിയുടെ 38-ാമത് വാര്‍ഷികവും ഓണാഘോഷവുമാണ് ഇത്തവണ നടക്കുന്നത്. കലാസാംസ്കാരിക സമ്മേളനവും ഓണക്കിറ്റ് വിതരണവുമടക്കം നിരവധി പരിപാടികള്‍ ഓണാഘോഷത്തോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഉത്രാടദിനത്തില്‍ കഥകളിയുടെ രൂപമായിരുന്നു പൂക്കളത്തില്‍.
വെള്ളായണി ക്ഷേത്രത്തില്‍ ഓണക്കോടി ചാര്‍ത്തല്‍ നടന്നു
നേമം: ഓണത്തോടനുബന്ധിച്ചു വെള്ളായണി ദേവീക്ഷേത്രത്തില്‍ ഉത്രാടത്തിനു നടന്നുവരുന്ന ഓണക്കോടി ചാര്‍ത്തുന്ന ചടങ്ങ് നടന്നു. ഉച്ചയ്ക്ക് ദീപാരാധനയ്ക്ക് ശേഷമാണ് ഓണക്കോടി ദേവിക്കു ചാര്‍ത്തിയത്. കണിയാര് സമുദായത്തില്‍പ്പെട്ട ചക്രപാണി നന്തുണി മീട്ടി ഓണപ്പാട്ട് പാടിയതിനുശേഷമാ ണ് ദേവിക്കു കോടി ചാര്‍ത്തിയത്.
മഞ്ഞള്‍ മുക്കിയ നേര്യതില്‍ ശംഖ്, ശൂലം എന്നിവയുടെ ചിത്രം നൂലില്‍ നെയ്താണ് ദേവിക്ക് ചാര്‍ത്തുന്നത്. ഒന്നാം ഓണം മുതല്‍ നാലാം ഓണം വരെ ക്ഷേത്രത്തില്‍ പ്രത്യേക ഉച്ചപൂജയും ഉണ്ടായിരിക്കും. നാലാം ഓണത്തിനു ശേഷം കോടി മാറ്റും.
ഓണകോടി ദേവിക്ക് സമര്‍പ്പിക്കാനും ഓണപ്പാട്ട് കേള്‍ക്കാനുമായി നിരവധി ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രമൂത്ത വാത്തി എസ്. ശിവകുമാര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി. കെ. പുരുഷോത്തമന് നായര്‍, രാധാകൃഷ്ണന് നായര്‍, കെ.രാമചന്ദ്രന് നായര്‍, പി. വിജയന് നായര്‍, രമേശ് കുമാര്‍, രാധാകൃഷ്ണന് നായര്‍, എസ്. വിജയകുമാര്‍, ശ്രീകണ്ഠന് നായര്‍, മാവറത്തല കുടുംബാംഗം വിക്രമന് നായര്‍, ദേവസ്വം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിൽ ഡ്രോണ്‍ ലൈറ്റ് ഷോ
തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കുന്ന ആയിരത്തോളം ഡ്രോണുകളുടെ ലൈറ്റ് ഷോയ്ക്ക് ഇന്നു തുടക്കമാകും.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിനു മുകളിലായി 250 അടി ഉയരത്തിൽ രാത്രി 8.45 മുതൽ 9.15 വരെയാണു മൂന്നു ദിവസത്തെ ഡ്രോണ്‍ ലൈറ്റ് ഷോ നടക്കുക. തലസ്ഥാനത്ത് ആദ്യമായാണു കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്.
വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും പുത്തൻ കാഴ്ചാനുഭവം ലഭ്യമാക്കുന്ന ലൈറ്റ് ഷോ ഓണാഘോഷങ്ങൾക്കു മാറ്റു കൂട്ടും. സ്റ്റേഡിയത്തിലും പരിസരപ്രദേശങ്ങളിലും നിന്ന് ആകർഷകമായ ദൃശ്യവിസ്മയം വീക്ഷിക്കാവുന്നതാണ്. എൽഇഡി ലൈറ്റുകളാൽ പ്രത്യേകം രൂപകൽപന ചെയ്ത ഡ്രോണുകളാണ് ലൈറ്റ് ഷോയുടെ ഭാഗമാകുന്നത്.
ആഗോള മുൻനിര ഡ്രോണ്‍ ടെക്നോളജി കന്പനിയായ ബോട്ലാബ് ഡൈനാമിക്സാണ് ലൈറ്റ് ഷോ ഒരുക്കുക്കുന്നത്. 2022 ജനുവരി 29നു രാഷ്ട്രപതി ഭവനിൽ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനായി 1,000 ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ലൈറ്റ് ഷോ സംഘടിപ്പിച്ചതിന്റെ റിക്കാർഡുള്ള കന്പനിയാണ് ബോട്ട്ലാബ് ഡൈനാമിക്സ്. ഡ്രോണ്‍ ലൈറ്റ് ഷോ ഞായറാഴ്ച സമാപിക്കും.