ഓണം ആഘോഷിക്കാൻ നെയ്യാർഡാം ഒരുങ്ങി
1589480
Friday, September 5, 2025 6:22 AM IST
നെയ്യാർഡാം: ഇനി ഇവിടെ ഓണരാവുകളും പകലുകളും. ഓണത്തിനായി നെയ്യാർഡാം ഒരുങ്ങിക്കഴിഞ്ഞു. അമ്യൂസ്മെന്റ് പാർക്കും വൈദ്യുത ദീപാലങ്കാരവും കലാപരിപാടികളുമൊക്കെയായി ഓണത്തെ വരവേൽക്കാൻ നെയ്യാർഡാം സഞ്ചാരികളെ കാത്തിരിക്കുകയാണ്. കുട്ടികളുടെ പാർക്കിന്റെ നവീകരണവും ഉദ്യാനത്തിലെ ശില്പങ്ങളിലെ ചായംതേക്കലുമൊക്കെ പൂർത്തിയാക്കി. ഇന്നു തുടങ്ങുന്ന ഓണം വാരാഘോഷം എട്ടിന് സാംസ്കാരിക ഘോഷയാത്രയോടെ സമാപിക്കും.
സഞ്ചാരകേന്ദ്രവും പരിസരവുമൊക്കെ ദീപാലങ്കാര പ്രഭയിലാണ്. കള്ളിക്കാട് പഞ്ചായത്തും വിവിധ സർക്കാർ വകുപ്പുകളും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് ‘ഓണം ടൂറിസം വാരാഘോഷം’ സംഘടിപ്പിച്ചിട്ടുള്ളത്. ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് മോടിപിടിപ്പിക്കൽ പൂർത്തിയാക്കിയത്.
ഫിഷറീസ്, ഡിടിപിസി, വനം, റവന്യു, തദ്ദേശസ്ഥാപനങ്ങൾ, പോലീസ് എന്നിവർ അവരവരുടെ മേഖലകളിൽ ദീപാലങ്കാരം നടത്തും. കൂടാതെ കള്ളിക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കള്ളിക്കാട് ജംഗ്ഷൻ മുതൽ നെയ്യാർഡാം വരെ വൈദ്യുത ദീപാലങ്കാരവുമുണ്ട്. ആഘോഷദിവസങ്ങളിൽ വൈകുന്നേരം കലാപരിപാടികൾ ഉണ്ടാകും. സഞ്ചാരികൾക്കായി അമ്യൂസ്മെന്റ് പാർക്ക് ഒരുക്കുന്നത് ഇറിഗേഷൻ വകുപ്പാണ്. നക്ഷത്ര അക്വേറിയം, മാൻ, ചീങ്കണ്ണി പാർക്ക് എന്നിവയും സന്ദർശിക്കാനാകും.
വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമവും ആഘോഷത്തിന്റെ ഉദ്ഘാടനവും സി.കെ. ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു.
ആഘോഷത്തിന്റെ പ്രധാന ആകർഷണമായ വർണശബളമായ സാംസ്കാരിക ഘോഷയാത്ര തിങ്കളാഴ്ചയാണ്. തുടർന്ന് സാംസ്കാരിക സമ്മേളനം. സഞ്ചാരികൾക്ക് എല്ലാ സൗകര്യവും ഉണ്ടാകും. വെർച്വൽ റിയാലിറ്റി ഷോ, അമ്യൂസ്മെന്റ് പാർക്ക്, റോസ് ഗാർഡൻ എന്നിവയാണ് ഇത്തവണത്തെ ആഘോഷത്തിനു മാറ്റുകൂട്ടുന്നത്.
ഇൻഫർമേഷൻ സെന്ററും പുതുക്കിയിട്ടുണ്ട്. പ്രവേശനഫീസ് 10 രൂപയായി തുടരും. തുക ഓൺലൈൻ ആയും സ്വീകരിക്കും.