നവോഥാനമാണ് കേരളത്തെ പുരോഗതിയിലെത്തിച്ചത്: മുഖ്യമന്ത്രി
1589243
Thursday, September 4, 2025 7:04 AM IST
നേമം: നവോഥാന മാറ്റങ്ങളാണു കേരളത്തെ ഇന്നു കാണുന്ന പുരോഗതിയിലെത്തിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. എസ്എന്‍ഡിപി യോഗം പെരിങ്ങമ്മല ശാഖയുടെ ശ്രീനാരായണീയം കണ്വന്ഷന് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന പ്രസ്ഥാനങ്ങളുണ്ടായിരുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ഇന്നും വേര്‍തിരിവുകളും ജാതി ചിന്തകളും നിലനില്ക്കുമ്പോള് മാറ്റങ്ങള്‍ ഉള്‍കൊണ്ട കേരളം മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിനു വെളിച്ചം പകര്‍ന്ന ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ ദുരുപയോഗം ചെയ്ത് സ്വന്തമാക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നു. വര്‍ഗീയത ഏതു രൂപത്തിലായാലും സമൂഹത്തിനു വിനാശകരമാണ്.
അതു മനുഷ്യരുടെ മനസില്‍ നട്ടു പിടിപ്പിക്കുന്നവരെ തിരിച്ചറിയണം. മനുഷ്യനെ ഭിന്നിപ്പിക്കാനല്ല ഒരുമിപ്പിക്കാനാണ് സനാതന ധര്‍മത്തെ ശ്രീനാരായണ ഗുരു ഉപയോഗപ്പെടു ത്തിയത്. സമൂഹം ജാതിയുടെയും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുട്ടിലായപ്പോള്‍ വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും നിര്‍ദേശിച്ചത് ഗുരുവായിരുന്നു- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന് അധ്യക്ഷനായി.
മന്ത്രി ജി.ആര്. അനില്‍, അടൂര്‍ പ്രകാശ് എംപി, എംഎല്‍എമാരായ എം. വിന്‍സന്റ്, വി. ജോയി, വി. ശശി, യോഗം കോവളം യൂണിയന് പ്രസിഡന്റ് ടി.എന്‍. സുരേഷ്, സെക്രട്ടറി തോട്ടം പി. കാര്ത്തികേയന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, ശാഖ പ്രസിഡന്റ് എസ്.കെ. ശ്രീകണ്ഠന്, സെക്രട്ടറി എ.വി. അശോക് കുമാര്‍, എസ്. സുശീലന് തുടങ്ങിയവര്‍ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറിയായി 30 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപള്ളി നടേശനെയും അഞ്ചു പ്രമുഖരെയും ആദരിച്ചു.