ആക്സില്‍ പൊട്ടിയ കാര്‍ സ്കൂട്ടറും ഓട്ടോറിക്ഷയും ഇടിച്ചുതെറിപ്പിച്ചു
1588970
Wednesday, September 3, 2025 7:01 AM IST
വെള്ളറട: ആക്സില്‍ പൊട്ടിയതിനെത്തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ട കാർ രണ്ടു വാഹനങ്ങളെ തകര്‍ത്തു. ചെറിയ കൊല്ലയ്ക്കും ഉണ്ടന്കോടിനും സമീപത്തുവച്ചു നിയന്ത്രണം നഷ്ടപ്പെട്ട കാറാണ് ഓട്ടോറിക്ഷയും സ്കൂട്ടറും ഇടിച്ചു തെറിപ്പിച്ചശേഷം നിന്നത്. ചെറിയ കൊല്ലയില്നിന്നും കാരക്കോണത്തേക്കു പോവുകയായിരുന്ന കെഎല്‍. 19 എഫ് 6336 നമ്പര്‍ കാറാണ് അപകടം സൃഷ്ടിച്ചത്.
ആദ്യം കാരകോണത്തുനിന്നു വെള്ളറടയിലേക്ക് വരികയായിരുന്ന പൂജപ്പുര സ്വദേശി രാജേഷ് ഓടിച്ചിരുന്ന ഓട്ടോയെ ഇടിച്ചു മറിച്ചശേഷം റോഡിന്റെ വലതുവശത്തുകൂടി ഒതുങ്ങി പോവുകയായിരുന്ന സ്കൂട്ടര്‍ യാത്രികന് സുരേഷിനെയും ഇടിച്ചു വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടന്‍തന്നെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്‍ വേഗത കുറവായിരുന്നുവെങ്കിലും വലതുവശത്തെ ആക്സില്‍ പൊട്ടിയതാണ് അപകടത്തിനു കാരണമായത്.
നടുറോഡില്‍ നടന്ന അപകടത്തെ തുടര്‍ന്ന് വെള്ളറട കാരക്കോണം റോഡിൽ വാഹന ഗതാഗതം തടസടപ്പെട്ടു. വെള്ളറട എസ്ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ചശേഷം അപകടത്തില്‍പെട്ട വാഹനങ്ങളെ റോഡുവക്കിലേക്കു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.