കലയും സംസ്കാരവും വിദേശ വേദികളില്‍ പ്രചരിപ്പിക്കണം: അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി
1589475
Friday, September 5, 2025 6:22 AM IST
തിരുവനന്തപുരം: ഭാരതത്തിന്റെ തനതു കലയും സംസ്കാരവും വിദേശ വേദികളില്‍ പ്രചരിപ്പിക്കാന്‍ നിരന്തര പരിശ്രമം വേണമെന്നു തിരുവിതാംകൂർ രാജകുടുംബാംഗം ഡോ. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്. മുന്‍ മിസിസ് ഗ്രാന്‍ഡ് യൂണിവേഴ്സും പ്രമുഖ ഭരതനാട്യം നര്‍ത്തകിയുമായ ഡോ. ശശിലേഖ നായര്‍ രൂപം നല്കിയ ശശിലേഖ നായര്‍ ഫൗണ്ടേഷന് ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ആര്‍ട്ടിന്റെ (എസ്ഫിയ) ഉദ്ഘാടനം ഗോകുലം ഗ്രാന്‍ഡ് ഹോട്ടലില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അവര്‍.
ചിത്രകാരന് ഡോ. ജിതേഷ്ജി അധ്യക്ഷത വഹിച്ചു. മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്, സംഗീത നാടക അക്കാദമി മുന്‍ ചെയര്മാന് സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവര്‍ മുഖ്യാതിഥികളായി. മുതിര്‍ന്ന ദൃശ്യ-മാധ്യമ പ്രവര്ത്തകന് അനില്‍ അടൂര്‍, കാന്തല്ലൂര്‍ അശോകവനം ഗോത്ര പൈതൃക കലാ ഗ്രാമം ചെയര്മാന് ഡോ. എസ്. അശോക് കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
2021ലെ മിസിസ് ഗ്രാന്‍ഡ് യൂണിവേഴ്സ്, മിസിസ് ഏഷ്യ ഇന്റര്‍നാഷണല്‍ ചാമിംഗ് 2018, മിസിസ് ഇന്ത്യ കേരള - 2018 എന്നീ മത്സര ജേതാവും ഭരതനാട്യം നര്‍ത്തകിയുമായ ഡോ. ശശിലേഖ ഏറെക്കാലം ബ്രിട്ടനില്‍ പ്രവാസിയായിരുന്നു. വിദ്യാഭ്യാസത്തെ കലാ പഠനവുമായി സമന്വയിപ്പിച്ച് പുതുതലമുറയെ കൂടുതല്‍ സര്‍ഗാത്മകമാക്കുക, വിവിധ രാജ്യങ്ങളുടെ കലകളെയും സംസ്കാരത്തെയും അറിയുകയും ആഗോളവത്കരിക്കുകയും ചെയ്യുക എന്നതാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യമെന്നു ഡോ. ശശിലേഖ പറഞ്ഞു.