ഓണത്തിരക്കിലമർന്നു നാടും നഗരവും; ഇന്ന് ഉത്രാടപ്പാച്ചിൽ
1589233
Thursday, September 4, 2025 6:55 AM IST
തിരുവനന്തപുരം: അവസാനഘട്ട ഓണവട്ടങ്ങൾ ഒരുക്കാനുള്ള തിരക്കിൽ നാടും നഗരവും. അത്തമുദിച്ചതു മുതൽ തുടങ്ങിയ ആഘോഷങ്ങളുടെ കലാശക്കൊട്ടിന്റെ മണിക്കൂറുകളാണിനി.
വിഭവസമൃദ്ധമായ ഓണ സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങാനും തിരുവോണപ്പൂക്കളം ഒരുക്കാനുള്ള പൂവും വാങ്ങാനുമായുള്ള പാച്ചിലിൽ ഇന്ന് ഉത്രാടം അവസാനിക്കുന്നതോടെ നാളെ മലയാളക്കരയിൽ തിരുവോണത്തിന്റെ ആഘോഷത്തേരെത്തും. തിരുവോണം പുലരാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ പോരായ്മകളും കുറവുകളും നികത്താനുള്ള തത്രപ്പാടിലായിരുന്ന ജനം.
ഇന്നലത്തെ പകൽ മഴ മാറി നിന്നതോടെ നഗരം വിപണിയുടെ തിരക്കിലായിരുന്നു. പച്ചക്കറി, വസ്ത്ര വിപണിയായിരുന്നു ഇന്നലെ ഏറെ സജീവമായത്. ഇതിനു പുറമേ തെരുവു കച്ചവടക്കാരും നാടൽ പച്ചക്കറി ഉൾപ്പന്നങ്ങളുമായി നിരത്തുകളിലെത്തിയിരുന്നു.
പുത്തൻ ഓണക്കോടി എടുക്കുന്നതിന് വസ്ത്രശാലകളിൽ സാധാരണപോലെ തിരക്കേറി. ഗൃഹോപകരണക്കങ്ങൾ, വിവിധതരം പായകൾ, കളിപ്പാട്ടങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ, ബാഗുകൾ, കൗതുക വസ്തുക്കൾ,തുടങ്ങിയവ കുറഞ്ഞ വിലയിൽ ലഭ്യമാക്കിയാണ് തെരുവുകച്ചവടക്കാർ ഓണവിപണി കൈയടക്കിയത്. കാൽനടയാത്രക്കാരടക്കം സാധനങ്ങൾ വാങ്ങാൻ തിരക്കുകൂട്ടുന്നതിനാൽ ചിലയിടങ്ങിൽ നീണ്ട നിരയും കാണപ്പെട്ടു.
പൂ വിപണിയിലും തിരക്കേറി. ക്ലബുകളുടേയും മറ്റു സാസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലുള്ള ഓണാഘോഷങ്ങളുടെ ഭാഗമായി ഏറ്റവും ചെലവേറിയതും വലുതുമായ പൂക്കളം തീർക്കുന്നത് തിരുവോണത്തിനാണ്. ഇതിനാൽ ഇന്നും പൂ വിപണിയിൽ തിരക്കേറും. ഇന്നലെ വൈകുന്നേരത്തോടെ നഗരം തിരക്കിലമർന്നു.
കെഎസ്ആർടിസി ദീർഘ ദൂര ട്രിപ്പുകളിലും ഫാസ്റ്റ് പാസഞ്ചറുകളിലുമടക്കം നിൽക്കാനിടമില്ലാത്തവണ്ണം ജനബാഹുല്യമായിരുന്നു. ബസ് സ്റ്റാൻഡിലെയും പരിസരത്തെയും സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഓണത്തിനു മുൻപ് നാട്ടിലെത്താനുള്ള തത്രപ്പാടിൽ സ്റ്റാൻഡിലത്തെിയവരായിരുന്നു ഏറെയും.
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇതോടൊപ്പം തലസ്ഥാന നഗരത്തിൽ ഓണത്തിമിർപ്പുകൾക്കൊപ്പം കലാപൂരത്തിനും തിരിതെളിഞ്ഞു. നഗരമാകെ വർണ വിളക്കുകൾ കൂടി തെളിഞ്ഞതോടെ നഗരം ഉത്സാന്തരീക്ഷത്തിലാണ്.
ഓണം വാരാഘോഷം: വേദികളിൽ ഇന്ന്
നിശാഗന്ധിയിൽ: ഫ്യൂഷൻ മ്യൂസിക് "മെലോഡിയ' വൈകുന്നേരം. ഏഴിന്
സൂര്യകാന്തി: ലൗലി ജനാർദ്ദനന്റെ ഗാനമേള വൈകുന്നേരം ഏഴിന്
കനകക്കുന്ന് ഗേറ്റിൽ: പഞ്ചാരിമേളം. വൈകുന്നേരം അഞ്ചിന്
സെൻട്രൽ സ്റ്റേഡിയം: നരേഷ് അയ്യരും ടീമും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ്. വൈകുന്നേരം ഏഴിന്
ഭാരത് ഭവൻ: ശാസ്ത്രീയ സംഗീതം. വൈകുന്നേരം അഞ്ചു മുതൽ
വൈലോപ്പിള്ളി സംസ്കൃതി ഭവൻ: ശാസ്ത്രീയ നൃത്തം വൈകുന്നേരം ആറു മുതൽ
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം: രമ്യാ നന്പീശനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ. വൈകുന്നേരം ആറിന്.