പുല്ലുവിളയിൽ നിരവധി പേരെ കടിച്ച തെരുവുനായ പിടിയിൽ
1589234
Thursday, September 4, 2025 6:55 AM IST
ഇതുവരെ കടിയേറ്റത് നാൽപതോളം പേർക്ക്
പൂവാർ : ഒരു രാവും പകലും പുല്ലുവിള, പുതിയതുറ, പള്ളം, കൊച്ചുപള്ളി, കരിച്ചൽ തീരദേശ മേഖലയെ പേടിയുടെ മുൾമുനയിൽ നിർത്തിതേർവാഴ്ച നടത്തിയ ഭ്രാന്തൻ നായയെ ഒടുവിൽ പിടികൂടി.
രണ്ടു ദിവസത്തിൽ നാലു കിലോമീറ്റർ ചുറ്റളവിൽ ഓടി നടന്നു മുപ്പതു പേരെ കടിച്ച് പരിക്കേൽപ്പിച്ചശേഷമാണ് നായയെ പിടികൂടാനായത്. ഇനി പത്തു ദിവസം നിരീക്ഷണത്തിലാക്കുമെന്ന് അധികൃതർ. വീടിനു മുറ്റത്ത് കളിച്ചുനിന്ന കുട്ടികളെയും വീടിനുള്ളിൽ നിന്നിരുന്ന വീട്ടമ്മമാരെയും ഗർഭിണിയായ യുവതിയെയും, വഴിയാത്രക്കാർ ഉൾപ്പെടെ കണ്ണിൽ കണ്ടവരെയെല്ലാം തെരുവുനായ ഓടിച്ചിട്ടു കടിച്ചുകീറി.
പട്ടിയെ കണ്ടെത്താൻ നാട്ടുകാർ സംഘടിച്ച് നടത്തിയ നിരന്തര ശ്രമവും പാഴായി. എത്രയും പെട്ടെന്നു പിടികൂടണമെന്ന ആവശ്യം ശക്തമായതോടെ കരിംകുളം പഞ്ചായത്ത് അധികൃതരും രംഗത്തിറങ്ങി. ഇന്നലെ ഉച്ചയൊടെ ആറ്റിങ്ങലിൽനിന്ന് ഒരു സംഘം പട്ടി പിടിത്തക്കാരും കരിംകുളത്തെത്തി. ഇവർ നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പള്ളം ഉരിയരിക്കുന്ന് എന്ന സ്ഥലത്തുനിന്നു പട്ടിയെ പിടികൂടുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പള്ളം തീരത്ത് ഒരാളെ കടിച്ചു തുടങ്ങിയ നായ ഇന്നലെ വൈകുന്നേരം നാലരവരെയും ആക്രമണം തുടർന്നു. പുല്ലുവിള സ്വദേശികളായ അർജുൻ (16), രാജം (71), പത്രോസ് ഫ്രാൻസിസ് (50), പ്രമോദ് (36), ജോസഫ് (48), റോബിൻസൺ (17), പുഷ്പം (70), റോഷൻ (13), സബി മിഖാലെ (70),
പുതിയതുറ സ്വദേശികളായ ജൂസ (53), ലിബിൻ (7), ഷെർളി (26), ക്ലിമൻസ് (62), ബിബിയോ ജോയ് (21), കഴിവൂർ സ്വദേശി റജികുമാർ (30) ഉൾപ്പെടെയുള്ളവരെയാണ് ഇന്നലെ കടിച്ചത്. രണ്ടു ദിവസമായി പേടിച്ചരണ്ട ജനം പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ യുള്ളവർ പുറത്തിറങ്ങിയതു കൂട്ടമായി വടികളുമായാണ്.
കടിയേറ്റ പലരുടെയും പരിക്ക് ഗുരുതരമാണെന്നും ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തുടരുന്നതായും അധികൃതർ പറയുന്നു. മുഖത്ത് കടിയേറ്റ കുട്ടിയെ കൂടുതൽ ചികിത്സക്കായി മെഡിക്കൽ കോളജിലേക്കു മാറ്റിയതായും അറിയുന്നു. മൂന്നുമാസം ഗർഭിണിയായ യുവതിക്കും വാക്സീൻ നൽകേണ്ടി വന്നു. ചൊവ്വാഴ്ചയും പതിനഞ്ച് പേർക്കു കടിയേറ്റിരുന്നു.
പുല്ലുവിള സ്വദേശികളായ മിഥുൻ (16), പനിയമ്മ (64), സുവർണ (ഏഴ്), ആന്റ ണി (52) കൊച്ചുപള്ളി സ്വദേശികളായ ദീപ (22),സൗമ്യ (28), . ഗോര പ്രസാദ് (32), ജ്ഞാനമ്മ (73), ബിജു (48), ലോർദോൻ ജോൺ ബ്രിട്ടോ, റജി, അടിമലത്തുറ സ്വദേശി പീറ്റർ, പള്ളം സ്വദേശി റൈസൺ (54) എന്നിവർക്കാണ് ആദ്യ ദിവസം കടിയേറ്റത്.
റൈസനെന്ന യുവാവിനെ കടിച്ച് പരിക്കേൽപ്പിച്ച ശേഷം രാത്രി മുഴുവൻ നാലg കിലോമീറ്ററിനുള്ളിൽ കണ്ണിൽ കണ്ടവരെയെല്ലാം കടിച്ച് പറിച്ചു. ചാരക്കളറിലുള്ള നായയാണ് കടിച്ചതെന്ന് ആക്രമണത്തിന് ഇരയായവർ പറഞ്ഞ ലക്ഷണം വച്ചാണ് നായപിടിത്തക്കാർ നായ യെ പിടികൂടിയത്.