നെയ്യാര്‍ മേള: ഓണം വാരാഘോഷ പരിപാടികള്‍ക്ക് ഇന്നു തുടക്കം
1589241
Thursday, September 4, 2025 6:55 AM IST
നെയ്യാറ്റിൻകര: ഇസ്തിരിപ്പെട്ടി മുതല്‍ റാന്തല്‍ വരെ, പൂട്ടും താക്കോലും മുതല്‍ പാക്കുവെട്ടി വരെ, ടെലിഫോണുകള്‍ മുതല്‍ കാമറകള്‍ വരെ...
നെയ്യാര്‍ മേളയില്‍ ഒരുക്കിയ ഇന്നലെകളിലെ കൗതുകവിജ്ഞാന പ്രദര്‍ശനം ഏറെ ശ്രദ്ധേയമാകുന്നു. അവണാകുഴി സ്വദേശിയായ രാജേന്ദ്രനാണ് ഈ കലവറകളുടെ സൂക്ഷിപ്പുകാരന്. ബിഎച്ച്ഇഎല്ലിലെ റിട്ട. സബ് അഡീഷണല്‍ എൻജി നീയറായിരുന്ന അദ്ദേഹം പുതുതലമുറകളിലേയ്ക്കു വിജ്ഞാനത്തിന്റെ പ്രകാശം ചൊരിയുന്ന നിരവധി വിഭവങ്ങള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി ആറാലുംമൂട് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന നെയ്യാർ മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി പുരാവസ്തു പ്രദര്‍ശനം മാറിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷങ്ങളുടെ വേദി കൂടിയാണ് നെയ്യാര്‍ മേള.
ഓണം വാരാഘോഷങ്ങളുടെ ഭാഗമായ കലാവിരുന്നുകള്‍ക്ക് ഇന്നു നെയ്യാര്‍ മേളയില്‍ തുടക്കം കുറിക്കും. വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന വ്യവസായ ഉൽപന്ന പ്രദർശന വിപണനവും നെയ്യാർ മേളയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നു. നാടൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾ മുതല്‍ കരകൗശലവസ്തുക്കള്‍ വരെ നീളുന്ന വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍ വ്യവസായ വകുപ്പ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാര്‍ണിവല്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, വാട്ടര്‍ ഫൗണ്ടയിന്, ഭക്ഷ്യമേള എന്നിവയും നെയ്യാര്‍ മേളയിലെത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കുന്നു.