ബോധ് രാജ് നേപ്പാളിലേക്ക് മടങ്ങുന്നു; സിക്ക് ചാരിറ്റി കേന്ദ്രത്തിന്റെ കൈത്താങ്ങിൽ
1588963
Wednesday, September 3, 2025 6:52 AM IST
തിരുവനന്തപുരം: ബന്ധുക്കളോട് പിണങ്ങി നാടുവിട്ട ബോധ് രാജ് ഇന്നു ബന്ധുക്കൾക്കൊപ്പം കേരളത്തിൽ നിന്നു നേപ്പാളിലേക്ക് മടങ്ങും. തിരിച്ചു പോകാൻ മാർഗമില്ലാതെ പ്രതിസന്ധിയിലായ ഇദ്ദേഹത്തിനു സഹായമായതു വട്ടപ്പാറ സിക്ക് ചാരിറ്റി കേന്ദ്രത്തിന്റെ ഇടപെടലാണ്. ഇക്കഴിഞ്ഞ ജൂണിലാണ് നേപ്പാൾ സ്വദേശിയായ ബോധ് രാജ് ഭാര്യയോടും മക്കളോടും പിണങ്ങി നാടുവിട്ടത്.
ജോലി തേടിയെത്തിയത് തിരുവനന്തപുരത്ത്. എന്നാൽ ജോലി അന്വേഷിച്ചു നടക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ പേഴ്സ് നഷ്ടപ്പെട്ടു. ഐഡി കാർഡടക്കമുള്ള രേഖകൾ അതിലായിരുന്നു. ഐഡി കാർഡില്ലാത്തതിനാൽ ജോലിക്കു കയറാനായില്ല. വീട്ടിലേക്കു തിരിച്ചു പോകും കഴിഞ്ഞില്ല. ഇതോടെ കഴുത്തിൽ മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഇദ്ദേഹത്തെ നാട്ടുകാർ ചേർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തുടർന്നു സുഖം പ്രാപിച്ച ബോധ് രാജിനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വച്ചു പരിചരിച്ച നഴ്സുമാരോട് നാട്ടിൽ പോകണമെന്നു പറഞ്ഞു. തുടർന്നു ജനറൽ ഹോസ്പിറ്റലിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ സന്ധ്യ സോണിയുടെ ഇടപെടലിനെ തുടർന്ന് ഇദ്ദേഹത്തെ സിക്ക് ചാരിറ്റി കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതിന്റെ പ്രവർത്തകർ നേപ്പാളിലെ ഇയാളുടെ ബന്ധുക്കളുമായി ബന്ധപ്പെടുകയും കഴിഞ്ഞ ദിവസം അവർ തലസ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തു. നിയമപരമായി അദ്ദേഹത്തെ ബന്ധുക്കൾക്കു കൈമാറുകയും ചെയ്തു. ഇതോടെ ബോധ് രാജിനും ആശ്വാസമായി.