കുറ്റിച്ചലിൽ മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചു
1588959
Wednesday, September 3, 2025 6:52 AM IST
സംഭവം കുടുംബ വഴക്ക് പരിഹരിക്കാനെത്തിയപ്പോൾ
കുറ്റിച്ചൽ: കുടുംബ വഴക്കു പരിഹരിക്കാനെത്തിയ അച്ഛൻ മകന്റെ മർദനമേറ്റു മരിച്ചു. കുറ്റിച്ചൽ ചപ്പാത്ത് വഞ്ചിക്കുഴിയിലാണ് സംഭവം. വഞ്ചിക്കുഴി മാർത്തോമാ പള്ളിക്കു സമീപം താമസിക്കുന്ന രവീന്ദ്രനാണു മകന്റെ മർദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ നിഷാദ് നെയ്യാർ ഡാം പോലീസ് അറസ്റ്റു ചെയ്തു.
കോടതിയിൽ ഹാജരാകിയ നിഷാദിനെ റിമാൻഡു ചെയ്തു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. രാത്രി മദ്യപിച്ച് വീട്ടിലെത്തിയ നിഷാദ് ഭാര്യയും അമ്മയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്നു നിഷാദ് ആത്മഹത്യയ്ക്കും ശ്രമിച്ചു.
ഇതിനെ തുടർന്നു വഴക്കു പരിഹരിക്കാനെത്തിയ രവീന്ദ്രന്റെ നെഞ്ചിൽ നിഷാദ് ചവിട്ടി വീഴ്ത്തുകയായിരുന്നു. പിന്നാലെ വീട്ടുകാർ പോലീസിനെ വിളിച്ചു വരുത്തി. പോലീസ് എത്തുന്ന സമയം വരെയും നിഷാദ് രവീന്ദ്രനെ മർദിച്ചുവെന്നാണ് വിവരം. ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ രവീന്ദ്രനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ രവീന്ദ്രൻ മരിച്ചു.
ഹൃദ്രോഗി കൂടിയായ രവീന്ദ്രൻ അതിന്റെ ചികിത്സ തുടരുന്നയാളാണ്. സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനാണ് നിഷാദ്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്താനാണ് പോലീസിന്റെ തീരുമാനം. വസ ന്തയാണ് രവീന്ദ്രന്റെ ഭാര്യ. സംഭവത്തിൽ നെയ്യാർ ഡാം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.