ഓണപ്പാട്ടുമായി വയലാറിന്റെ മകൾ ഇന്ദുലേഖ
1589238
Thursday, September 4, 2025 6:55 AM IST
എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: രാഘവപറന്പിലെ തിരുമുറ്റത്ത് കുട്ടികൾക്കൊപ്പം അത്തപ്പൂക്കളമൊരുക്കാനും ഉൗഞ്ഞാലാടാനും തിരുവോണസദ്യ ഉണ്ണാനും ഓടിയെത്താറുണ്ടായിരുന്നു വയലാർ രാമവർമ. തുന്പപ്പൂക്കളത്തിൽ തിരുവോണത്തിനു തുന്പിതുള്ളാൻ ഇരുന്നപ്പോൾ... എന്ന് എഴുതിയ മലയാളത്തിന്റെ ഗന്ധർവകവിക്കു ഓണവും ഹൃദയോത്സവം തന്നെയായിരുന്നു.
എല്ലാ തിരക്കുകളും മാറ്റിവച്ച് ചേർത്തലയിലെ വീട്ടിൽ അമ്മ അംബാലിക തന്പുരാട്ടിയ്ക്കൊപ്പമിരുന്ന് തിരുവോണസദ്യ ഉണ്ണാനും ഓണം കൂടാനും വയലാർ എത്തുന്പോൾ മക്കളായ ശരത്ചന്ദ്രവർമയും ഇന്ദുലേഖയും യമുനയും സിന്ധുവും ആഘോഷത്തിമിർപ്പിലാവും.
പാരിജാതത്തെയും ജമന്തിപ്പൂക്കളെയും ചെത്തിയെയും ചെന്പരത്തിയെയും മലയാളികളുടെ ഹൃദയത്തിലേക്കങ്ങനെ വാടാതെ അടർത്തിവച്ച വയലാറിന്റെ വീടൊരു വൃന്ദാവനമായിരുന്നു. തൊടി നിറയെ നൂറുനൂറു പൂക്കൾ! എങ്കിലും കുട്ടികൾ പാടത്തും പറന്പിലും നടന്ന് അടർത്തിയെടുക്കുന്ന നാട്ടുപൂക്കളാണ് അത്തപ്പൂക്കളമൊരുക്കാൻ അധികവും എടുക്കുക.
തുന്പപ്പൂവും കാക്കപ്പൂവും വയലറ്റ് നിറത്തിലെ കങ്കനുള്ളി പൂവും ഇലക്കുന്പിൾ നിറയെ പറിച്ചെടുത്ത് വരുന്പോൾ കുട്ടികൾക്കൊപ്പം വയലാറും കൂടും. പൂക്കൾക്കൊപ്പം നല്ല ചേലുള്ള പച്ചിലകളും വയലാർ ഇറുത്തെടുത്തു കൊണ്ടുവന്ന് അത്തപ്പൂക്കളത്തിൽ നിരത്തിവയ്ക്കും.
ഇത്തവണ ആദ്യമായി ഒരോണപ്പാട്ടെഴുതുന്പോൾ വയലാറിന്റെ മകളും കവയിത്രിയുമായ ഇന്ദുലേഖ വയലാർ രാഘവ പറന്പിലെ ഓണത്തെ തൊട്ടെഴുതി.
ശ്രാവണം മെയ്യിൽ
മാലേയമണിഞ്ഞു നാണിച്ചു
പൊൻകതിർ
ചൂടി, തുന്പക്കുടത്തിനെ
കുന്പിളിൽ ഒതുക്കി
അത്തച്ചമയവും വന്നെത്തി
ഉത്രാടപ്പൂവിളി കേട്ടുണരാൻ
ഇന്ദുലേഖയെ മലയാള ഗാനാസ്വാദകർ അറിയും. ഇന്ദുലേഖേ...ഇന്ദുലേഖേ... ഇന്ദ്രസദസിലെ നൃത്തലോലെ... എന്ന ഗാനത്തിൽ വയലാർ ഓമനമകളുടെ പേരെടുത്ത് വച്ചിട്ടുണ്ട്. വയലാറിന്റെ ഇന്ദുലേഖയുടെ ഓണപ്പാട്ട് പൊൻകതിരോണം ഇന്നലെ സന്ധ്യയ്ക്കു യൂട്യൂബിൽ പ്രകാശിതമായി.
വയലാർ ഗാനങ്ങളെ മലയാളികളുടെ അനുഭൂതിയാക്കി മാറ്റുന്ന പ്രശസ്ത ഗായകൻ കല്ലറ ഗോപനാണ് പൊൻകതിരോണം എന്ന ഓണപ്പാട്ട് പാടിയിരിക്കുന്നത്. ഓണത്തിന്റെ ആഹ്ലാദാരവവും സ്നിഗ്ധതയും നിറയുന്ന സംഗീതം പന്തളം സുരേഷ് കുമാർ വർമയുടേതാണ്. ഇന്ദുലേഖയുടെ മൂത്തമകൾ കവിതയുടെ ഭർത്താവാണ് സുരേഷ് കുമാർ വർമ.
ആദ്യമായെഴുതിയ ഓണപ്പാട്ടിനെ കുറിച്ച് ഇന്ദുലേഖ പറയുന്നു. ഇതെന്റെ ബാല്യത്തിലെ ഓണത്തെക്കുറിച്ചുള്ള ഓർമകളാണ്. ഞങ്ങൾക്കൊപ്പം ഓണം കൊണ്ടാടാൻ അച്ഛൻ എത്തുന്പോൾ ഞങ്ങൾ ഹൃദയം കൊണ്ട് അനുഭവിച്ചിരുന്ന ഓണം. അച്ഛൻ തന്നെയായിരുന്നു ഞങ്ങളുടെ ആഘോഷം. ഈ ഓണപ്പാട്ടിലേക്ക് ഞാൻ എത്തുന്നതും ഒരു നിയോഗം പോലെയെന്നു തോന്നുന്നുണ്ട്.
എന്റെ ഇളയമകൾ രേവതിയുടെ ഭർത്താവ് ജയകൃഷ്ണനാണ് ഇതിനൊരു നിമിത്തമായി മാറിയത്. മുത്തശ്ശി അമ്മയും അച്ഛനും അമ്മയും (ഭാരതി തന്പുരാട്ടി) ഞങ്ങൾ കുട്ടികളും ഒന്നിച്ച് ആഘോഷിച്ച ഓണത്തിന്റെ ഓർമകളാണ് ഗാനമായി വന്നത്. ഞങ്ങൾ അനുഭവിച്ച ഓണത്തിന്റെ ആഹ്ലാദം ഒരു പാട്ടിൽ ഒതുക്കാൻ കഴിയില്ല. എങ്കിലും ആർപ്പും വിളിയും കുരവയും കോടിയും എല്ലാത്തിനുമുപരി സ്നേഹ കൂട്ടായ്മയും നിറയുന്ന ഓണനാളുകളെ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയായിരുന്നു. ജാതിമത ഭേദങ്ങൾക്കെല്ലാം അതീതമായി മലയാളം ഒന്നാവുന്ന ഒരാഘോഷമല്ലെ ഓണം.
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും... എന്നെഴുതിയ അച്ഛന്റെ മനസ് തന്നെയാണ് ഞങ്ങളെ ഇന്നും ചേർത്തുനിർത്തുന്നത്. അച്ഛന്റെ വേർപാടിനു ശേഷം അച്ഛന്റെ സ്ഥാനത്തു നിന്നും ഞങ്ങളെ മുന്നോട്ടു നടത്തിയത് ചേട്ടനാണ്. (പ്രശസ്ത ഗാനരചയിതാവ് കൂടിയായ വയലാർ ശരത്ചന്ദ്രവർമ) ഇന്നും ഓണക്കാലത്തും ഞങ്ങൾ എല്ലാവരും ഒന്നിച്ചുകൂടും. അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും യമുനയും ഞങ്ങളുടെ കുടുംബാംഗങ്ങളും ചേർന്നാണ് ഓണം ആഘോഷിക്കുക. ഇളയ സഹോദരി സിന്ധു ജീവിച്ചിരുന്ന കാലത്തും സിന്ധുവും എല്ലാ കാര്യത്തിലും മുന്നിലുണ്ടായിരുന്നു.
വയലാറിന്റെ മകൾ ആദ്യമെഴുതിയ ഓണപ്പാട്ട് പാടാൻ സാധിച്ചത് ഒരു സുകൃതമായി അനുഭവപ്പെടുന്നുവെന്നു കല്ലറ ഗോപൻ പറഞ്ഞു. നീണ്ട വർഷങ്ങളായി വയലാറിന്റെ ഗാനങ്ങൾ പാടിനടക്കുന്ന ഗായകനാണെങ്കിലും വയലാറിനെ നേരിട്ടു കാണാൻ സാധിച്ചിട്ടില്ല. ശരത്ചന്ദ്ര വർമയുടെ ധാരാളം ഗാനങ്ങൾ പാടാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ദുലേഖ വയലാറിന്റെ ഗാനം പാടാൻ കഴിഞ്ഞതും വയലാറിന്റെ അനുഗ്രഹമായി കാണുന്നുവെന്നും കല്ലറ ഗോപൻ. നന്ദകുമാർ വർമയാണ് പൊൻകതിരോണത്തിന്റെ നിർമാണം.