തൊളിക്കോട് പഞ്ചായത്തിൽ ഓണക്കിറ്റിന് അമിതവില ഈടാക്കിയെന്ന് ആരോപണം
1588962
Wednesday, September 3, 2025 6:52 AM IST
വിതുര: ഓണം വിപണന മേളയുടെ ഭാഗമായി തൊളിക്കോട് പഞ്ചായത്ത് സിഡിഎസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിതരണം ചെയ്ത ഓണക്കിറ്റിന് അമിത വില ഈടാക്കിയെന്ന് ആരോപണം. കുടുംബശ്രീ ജില്ലാ മിഷന്റെ നിർദേശാനുസരണം സംരംഭകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രാദേശികമായി ഉത്പാദിപ്പിച്ച പലചരക്ക് വിഭവങ്ങൾ ഉൾപ്പെടെ ഉൾപ്പെടുത്തി 750 രൂപയ്ക്കാണ് കിറ്റ് വിതരണം ചെയ്തു തുടങ്ങിയത്.
സിഡിഎസിനു കീഴിലെ വിവിധ എഡിഎസുകളുടെ പരിധിയിലെ കുടുംബശ്രീ യൂണിറ്റുകൾ നിർബന്ധമായും ഒരു കിറ്റെങ്കിലും വാങ്ങണമെന്നായിരുന്നു നിബന്ധന. പഞ്ചായത്തിൽ ആകെ 382 യൂണിറ്റുകളാണ് ഉള്ളത്. കിറ്റ് കൈയിൽ കിട്ടിയവർ കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ കൂടുതൽ ലാഭം ഉണ്ടാകുമെന്ന് കരുതി. എന്നാൽ കിറ്റിലെ സാധനങ്ങൾ പരിശോധിച്ചവർ ഞെട്ടി. 750 രൂപയുടെ കിറ്റിൽ വിപണി വില കണക്കാക്കിയാൽ 600 താഴെ രൂപയുടെ സാധനങ്ങൾ മാത്രമേയുള്ളൂ. അരി ഉൾപ്പെടെ 18 പല ചരക്ക് സാധനങ്ങളാണ് ഉണ്ടായി രുന്നത്. 19-ാമത്തെ ഇനമായി കിറ്റും ഉൾപ്പെടുത്തി. ഇതിന് 40 രൂപയാണ് ഈടാക്കിയത്.
കിറ്റ് കൈയിൽ ക്കിട്ടിയ പലരും തിരിച്ച് ഏൽപ്പിച്ചതോടെയാണു സംഭവം വിവാദമായത്. പിന്നാലെ 750 രൂപയുടെ കിറ്റിന്റെ വില സിഡിഎസ് അംഗങ്ങൾ യോഗം ചേർന്ന് 650 ആയി കുറച്ചു. എങ്കിലും ലാഭമില്ലെന്നാണ് പരാതി. ഓണക്കിറ്റ് വിതരണത്തിനു പിന്നിലെ അഴിമതി പുറത്തു കൊണ്ടുവരണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും പഞ്ചായത്ത് അംഗവും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഷെമി ഷംനാദ് ആവശ്യപ്പെട്ടു.
ഓണക്കിറ്റിലെ അഴിമതി ചൂണ്ടിക്കാട്ടി കുടുംബശ്രീ ജില്ലാ മിഷനു തുരുത്തി എഡിഎസ് അംഗം സജീന ഷാജഹാൻ പരാതിയും നൽകിയിട്ടുണ്ട്. ഓണക്കിറ്റിലെ വിഭവങ്ങളുടെ വില നിശ്ചയിച്ചത് സംരംഭകരാണെന്നും ഇക്കാര്യത്തിൽ സിഡിഎസ് ഇടപെട്ടിട്ടില്ലെന്നും സിഡിഎസ് ചെയർപെഴ്സൺ ഷംന നവാസ് പറഞ്ഞു.
വില കൂടുതലാണെന്ന് പരാതി വന്നതോടെ ഉടൻ തന്നെ സിഡിഎസ് നടപടി എടുത്ത് വില കുറച്ചു. മൊത്ത വ്യാപാര വില ഉയർത്തിക്കാട്ടി ഓണക്കിറ്റിന് അമിതി വിലയാണെന്ന തരത്തിൽ ചിലർ പ്രചാരണം നടത്തുന്നുണ്ടെന്നും അവർ ആരോപിച്ചു.