ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: പ്രോട്ടോടൈപ്പ് മാതൃക തയാറാക്കിയത് മാർ ബസേലിയോസ് കോളജ് വിദ്യാർഥികൾ
1589478
Friday, September 5, 2025 6:22 AM IST
കോഴിക്കോട്: തുരങ്കപാതയുടെ നിർമാണോദ്ഘാടനം കഴിഞ്ഞദിവസം സംഘടിപ്പിച്ചപ്പോൾ വാട് സാപ്പ് ഗ്രൂപ്പുകളിലൂടെ നാട്ടുകാർ ചർച്ച ചെയ്തത് തിരുവനന്തപുരത്തെ ഒരുകൂട്ടം വിദ്യാർഥികളുടെ ദീർഘവീക്ഷണത്തെക്കുറിച്ചാണ്.
ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയുടെ പ്രോട്ടോടൈപ്പ് മാതൃക തയാറാക്കി നൽകിയത് മാർ ബസേലിയോസ് കോളജിലെ വിദ്യാർഥികളായിരുന്നു. പദ്ധതിയുടെ നിർമാണത്തിനുള്ള പഠനങ്ങൾ തുടങ്ങിയ ശേഷം നിർമാണച്ചുതലയുള്ള കൊങ്കൺ റെയിൽവേ കമ്പനിയാണ് പ്രോട്ടോടൈപ്പ് മാതൃക നിർമിക്കാൻ വിദ്യാർഥികളുടെ സഹായം തേടിയത്.
കോഴിക്കോട് എൻഐടിയിൽ നിന്നെത്തിയ ഏബ്രഹാം ടി മാത്യുവായിരുന്നു അക്കാലത്ത് കോളജ് പ്രിൻസിപ്പൽ. കമ്പനിയുടെ എൻജിനീയർമാരുമായി അധ്യാപകരും വിദ്യാർഥികളും ചർച്ച നടത്തി. തുടർന്ന് 2022-ൽ മാതൃകയുടെ നിർമാണം തുടങ്ങി. കോളജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെ എട്ടു വിദ്യാർഥികളാണു നിർമാണച്ചുമതല നിർവഹിച്ചത്. വകുപ്പ് മേധാവി ഡോ. എസ്. ജയശ്രീ, അധ്യാപിക അനുപമ കൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലാണു മാതൃകയുടെ നിർമാണം പൂർത്തിയാക്കിയത്.
കോളജ് പ്രിൻസിപ്പൽ വിശ്വനാഥ റാവുവിന്റെ നേതൃത്വത്തിൽ പ്രോട്ടോടൈപ്പ് മാതൃക പൊതുമരാമത്തുവകുപ്പിനു കൈമാറുകയായിരുന്നു. തുരങ്കം നിർമിക്കുന്ന തിരുവമ്പാടി മണ്ഡലത്തിന്റെ എംഎൽഎ ലിന്റോ ജോസഫ് കോളജിലെത്തി ആഘോഷപൂർവം മാതൃക സ്വീകരിച്ചു.