ഉത്രാടദിനത്തിൽ ഓടിയും തളർന്നും ഒരുങ്ങിയും നഗരം
1589473
Friday, September 5, 2025 6:22 AM IST
തിരുവനന്തപുരം: തിരുവോണത്തിനൊരുങ്ങി നഗരം. ഓണ സദ്യയ്ക്കായി വിഭവങ്ങൾ വാങ്ങാനായുള്ള വലിയ തിരക്കാണ് ഉത്രാടദിനമായ ഇന്നലെ ജില്ലയിൽ അനുഭവപ്പെട്ടത്. കച്ചവടകേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് ഉണ്ടായത്. പച്ചക്കറികൾ വാങ്ങാനും ഓണപ്പുടവ എടുക്കാനും വ്യാപാര സ്ഥാപനങ്ങളിൽ വലിയ തിരക്കാണുണ്ടായത്. കിഴേക്കേ കോട്ടയും പഴവങ്ങാടിയും ചാലയുമൊക്കെ ജനങ്ങളെക്കൊണ്ടുനിറഞ്ഞു.
തിരുവോണം കെങ്കേമമാക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണു മലയാളികൾ. സദ്യ ഒരുക്കിയും അത്തപൂക്കളവുമായി ഇന്നൊരുദിവസം മലയാളികൾക്ക് ഉത്സവമാണ്. ഇന്നു രാവിലെ ക്ഷേത്രങ്ങളിലെ തിരക്കു കണക്കിലെടുത്തു പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന ഹോട്ടലുകളെല്ലാം ഓണസദ്യ ഒരുക്കുന്നുണ്ട്.
നേരത്തേ സദ്യ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർ ഏറെയാണ്. സദ്യ ഓണ്ലൈനായുള്ള ബുക്കിംഗ് കഴിഞ്ഞ വർഷേത്തക്കാൾ ഇരട്ടിയെന്നാണു ഹോട്ടൽ ഉടമകൾ പറയുന്നത്. സർക്കാരിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ 32 കേന്ദ്രങ്ങളിൽ കലാപരിപാടികൾ നടക്കും. വെള്ളയന്പലം മുതൽ കിഴക്കേകോട്ട വരെയുള്ള വീഥിയുടെ ഇരുഭാഗവും ദീപാലങ്കൃതമാക്കിയിട്ടുണ്ട്.
ഓണാഘോഷം ഇന്ന്
നിശാഗന്ധി: ഒന്നിച്ചൊന്നായ്- ജി.എസ്. പ്രദീപ്, പ്രമോദ് പയ്യന്നൂർ വൈകുന്നേരം 6.30ന്, മെഗാഷോ സുരാജ് വെഞ്ഞാറമൂട് രാത്രി 8.30ന്.
സൂര്യകാന്തി: രാഗമാലിക വൈകുന്നേരം ഏഴിന്. സെൻട്രൽ സ്റ്റേഡിയം: ഓണം വൈബ്സ് ഗാനമേള വൈകുന്നേരം ഏഴിന്.
പൂജപ്പുര: ബിജു നാരായണൻ ഗാനമേള വൈകുന്നേരം ഏഴിന്.
ഭാരത് ഭവൻ: മോഹിനിയാട്ടം വൈകുന്നേരം 6.15ന്, കുച്ചിപ്പുടി 7.15ന്.
ഗാന്ധിപാർക്ക്: കഥാപ്രസംഗം വൈകുന്നേരം 5.30ന്.
മ്യൂസിയം പരിസരം: യോഗ വൈകുന്നേരം ആറിന്, കളരിപ്പയറ്റ് ഏഴിന്.
ഓണാഘോഷം നാളെ
നിശാഗന്ധി ഓഡിറ്റോറിയം: ജൈം ലൈവ് ഫ്യൂഷൻ വൈകുന്നേരം ആറിന്, മെഗാ മ്യൂസിക് ഷോ ഏഴിന്.
സൂര്യകാന്തി: രാഗമാലിക വൈകുന്നേരം ഏഴിന്.
സെൻട്രൽ സ്റ്റേഡിയം: നല്ലോണം വൈകുന്നേരം ഏഴിന്.
പൂജപ്പുര: ഓണം വൈബ്സ് റീ ലോഡഡ് സംഗീത പരിപാടി വൈകുന്നേരം ഏഴിന്.
ഭാരത് ഭവൻ: ഭരതനാട്യം വൈകുന്നേരം 6.15ന്. ഗാന്ധിപാർക്ക്: കഥാപ്രസംഗം- വസന്തകുമാർ സാംബശിവൻ വൈകുന്നേരം 5.30ന്.
ആക്കുളം: പുനലൂർ ആർ. വിശ്വംഭരന്റെ ഗാനമേള വൈകുന്നേരം ആറിന്.