നെടുമങ്ങാട് ഓണം വാരാഘോഷം : ആവേശംതീർത്ത് വിളംബര ഘോഷയാത്ര
1588967
Wednesday, September 3, 2025 7:01 AM IST
നെടുമങ്ങാട്: ഓണാഘോഷ പരിപാടികളുടെ പ്രചരണാര്‍ഥം സംസ്ഥാന സര്‍ക്കാരും സംസ്ഥാന ടൂറിസം വകുപ്പും നെടുമങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ഓണം വിളംബര ഘോഷയാത്ര കാണികളിൽ ആവേശമുണർത്തി. മന്ത്രി ജി.ആര്. അനില്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി.
റോളര്‍ സ്കേറ്റിംഗിന്റെ ചടുലതയില്‍ ആരംഭിച്ച ഘോഷയാത്രക്ക് ഭീമാകാരമായ ബൊമ്മ കളിയും പൂക്കാവടിയും പുലിക്കളിയും തെയ്യവും കഥകളി ഉള്‍പ്പെടെയുള്ള വിവിധ കലാരൂപങ്ങളും അഴകു പകർന്നു.
നാട്ടിന്‍പുറത്തെ ഐതിഹ്യ കഥകളിലെ രൂപങ്ങളും, മാവേലിയും വാമനനും ഘോഷയാത്ര യുടെ ഭാഗമായി. കരാട്ടെ, കളരി അടക്കമുള്ള ആയോധന കലകള്‍ കാണികളില്‍ ആവേശം സൃഷ്ടിച്ചപ്പോള്‍ ബാന്‍ഡ്, ചെണ്ട, ശിങ്കാരി മേളങ്ങള്‍ യാത്രയ്ക്ക് താളം പകർന്നു. തിരുവാതിര, മോഹിനിയാട്ടം, നാടോടി നൃത്തം ഉള്‍പ്പടെയുള്ള നൃത്ത രൂപങ്ങളോടൊപ്പം കോല്‍ക്കളിയും, ബ്രേക്ക് ഡാന്‍സും രഥയാത്രയും ഘോഷയാത്രയിൽ അണിനിരന്നു.
ആന വേഷത്തിൽ അരിക്കൊമ്പനായി കലാകാരന്മാർ എത്തിയ കാഴ്ച കാണികളില്‍ നവ്യാനുഭവം പകർന്നു. നെടുമങ്ങാട് നഗരസഭയുടെ 39 വാര്‍ഡുകളും വിളംബര ഘോഷയാത്രയില്‍ അണിചേര്‍ന്നു. ജനപ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വിവിധ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ സേനാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ ജാഥയുടെ ഭാഗമായി.
നഗരസഭയുടെ മുന്നില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര കല്ലിംഗല്‍ ഗ്രൗണ്ടില്‍ സമാപിച്ചു.