ബസിന്റെ ആക്സില്‍ ഒടിഞ്ഞു; ഡ്രൈവര്‍ അപകടം ഒഴിവാക്കി
1589235
Thursday, September 4, 2025 6:55 AM IST
പേരൂര്‍ക്കട: യാത്രയ്ക്കിടെ ബസിന്റെ ആക്സില്‍ ഒടിഞ്ഞു, ഡ്രൈവറുടെ മനസാന്നിദ്ധ്യം അപകടമൊഴിവാക്കി. ബുധനാഴ്ച രാവിലെ ആറോടെ പാളയം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിനു സമീപത്തെ റോഡിലായിരുന്നു സംഭവം.
ഏകദേശം 20 യാത്രക്കാരുമായി വന്ന നെയ്യാറ്റിന്‍കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി സിറ്റി ബസാണ് അപകടത്തില്‍പ്പെട്ടത്. സിഗ്നല്പോയിന്റ് പിന്നിട്ടെത്തിയ ബസിന്റെ ആക്സില്‍ ഒടിഞ്ഞ് റോഡിലൂടെ ഉരയുകയായിരുന്നു. വന്‍ ശബ്ദംകേട്ട ഡ്രൈവര്‍ ഉടന്‍തന്നെ ബസ് നിര്‍ത്തി. റോഡില്‍നിന്ന് അല്‍പ്പം ദിശമാറിയാണ് ബസ് നിന്നത്.
സിഗ്നല്‍ പിന്നിട്ടു വന്നതുകൊണ്ട് ബസിനു പിറകിലും മുന്നിലുമായി വാഹനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അപകടമൊന്നും ഉണ്ടായില്ല. സംഭവത്തെ തുടര്‍ന്ന് റോഡില്‍ ഒരുമണിക്കൂറിലേറെ ഗതാഗതതടസം ഉണ്ടായി. ബസ് റോഡില്‍ നിര്ത്തിയിട്ടിരിക്കുന്നുവന്നു ധരിച്ചെത്തുന്ന വാഹനങ്ങള്‍ പിറകില്‍ ക്യൂവായി നിന്നതോടെയാണ് ഗതാഗതതടസം ഉണ്ടായത്.
പിന്നീടാണ് ബസ് കേടായതാണെന്നു ഇവര്‍ക്കു മനസിലായത്. യാത്രക്കാരെ മറ്റൊരു വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു. മ്യൂസിയം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഡിപ്പോയില്‍ നിന്ന് ജീവനക്കാരെത്തി ബസ് സംഭവസ്ഥലത്തുനിന്നു നീക്കി.