ഗുഡ്സ് വാഹനം മതിലിൽ ഇടിച്ച് അപകടം: രണ്ടുപേർക്കു പരിക്ക്
1589483
Friday, September 5, 2025 6:28 AM IST
കാട്ടാക്കട: നിയന്ത്രണം തെറ്റിയ ഗുഡ്സ് വാഹനം മതിലിൽ ഇടിച്ച് അപകടം. ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവർക്കും ഒപ്പം ഉണ്ടായിരുന്ന ഒരാൾക്കും ഗുരുതര പരിക്ക്. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കുണ്ട്.
കാട്ടാക്കട അഗ്നിശമനസേന എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവർ അഭിജിത്തി(21) നെ പുറത്തെടുത്തത്. ഇയാളുടെ കാൽ പൂർണമായും ഒടിഞ്ഞ അവസ്ഥയിലാണ്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ മറ്റൊരാളെയും നിസാര പരിക്കേറ്റ ഒരാളെയും കാട്ടാക്കട നെയ്യാർ മെഡിസിറ്റിയിലും പ്രവേശിച്ചു.
വ്യാഴാഴ്ച പുലർച്ചെ 5.15 ഓടെയായിരുന്നു അപകടം. ശബ്ദംകേട്ട് ഓടിക്കൂടിയ സമീപവാസികളാണ് അഗ്നിരക്ഷാ സേന, ആംബുലൻസ്, പോലീസ് എന്നിവരെ വിവരം അറിയിച്ചത്. കിള്ളി-കൂന്താണി റോഡിലെ ചെറിയവളവിൽ എത്തിയപ്പോൾ വാഹനം നിയന്ത്രണംതെറ്റി വലതു വശത്തേക്ക് പാഞ്ഞ് സമീപത്തെ മതിലിലും ഗേറ്റിലുമായി ഇടിച്ച് നിൽക്കുകയായിരുന്നു.
വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. ഗേറ്റും തകർന്നിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയതാണു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ തല വാഹനത്തിന്റെ ചില്ലിലും മാതിലിലുമായി ഇടിച്ചു ഒരാളുടെ ബോധം നഷ്ടപ്പെട്ടിരുന്നു. കാട്ടാക്കടയിലെ സ്വകാര്യ ഇവൻ മാനേജ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരായ ഇവർ ജോലി സ്ഥലത്തു നിന്നും മടങ്ങി വരുമ്പോഴായിരുന്നു അപകടം.
പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. കാട്ടാക്കട അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനു, ഫയർ ആൻഡ് റെസ് ക്യൂ ഓഫീസർ എ.കെ. അനു, ബി. അനു, അരുൺകുമാർ, ഡ്രൈ വർ വിജിൻ, ഹോം ഗാർഡ് സുമേഷ്, ഫയർമാൻ ആനന്ദ്, ഹോം ഗാർഡ് രതീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.