ഓണം വാരാഘോഷം ഇന്ന് ആരംഭിക്കും
1588957
Wednesday, September 3, 2025 6:52 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഇന്ന് ആരംഭിക്കും. യുകെ, ഫ്രാൻസ്, വിയറ്റ്നാം, ഇന്തോനേഷ്യ, തായ്വാൻ, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ, റൊമാനിയ, സൗത്ത് കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ വിനോദസഞ്ചാരികളും ഓണാഘോഷത്തിന്റെ ഭാഗമായി അതിഥികളായി എത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി 33 വേദികളിലായി വൈവിധ്യമാർന്ന പരിപാടികൾ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
പതിനായിരത്തോളം കലാകാരന്മാർ ഓണാഘോഷത്തിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുക്കും, ഇതിൽ നാലായിരത്തോളം കലാകാരന്മാർ പരമ്പരാഗത കലകളിൽ നിന്നുള്ളവരാണ്. സെപ്തംബർ 5, 6, 7 തീയതികളിൽ നഗരത്തിൽ കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്ന 15 മിനിറ്റിലേറെ നീണ്ടു നിൽക്കുന്ന ഡ്രോൺ ഷോ ഒരുക്കും.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയ്ക്ക് മുകളിലായാണ് ഡ്രോൺ ലൈറ്റ് ഷോ ഒരുക്കുന്നത്. 11.49 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഓണഘോഷത്തിനായി അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ ഐക്യം, മാനവികത, മതസൗഹാർദ്ദം, സമൃദ്ധി എന്നിവയുടെ സന്ദേശം നൽകുന്ന ഓണാഘോഷം തലസ്ഥാനത്ത് ഏറ്റവും നല്ല നിലയിൽ സംഘടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രിമാർ പറഞ്ഞു.
പാർക്കിംഗ് കോളജ്, ഓഫീസ് ഗ്രൗണ്ടുകളിൽ
തിരുവനന്തപുരം: ഓണഘോഷവുമായി ബന്ധപ്പെട്ട് നഗരത്തിലെ പ്രധാന റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് അറിയിച്ചു.
യൂണിവേഴ്സിറ്റി ഓഫീസ് കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളജ് ഗ്രൗണ്ട്, സംസ്കൃത കോളജ് ഗ്രൗണ്ട്, കേരള വാട്ടർ അഥോറിറ്റി കോമ്പൗണ്ട്, സംഗീത കോളജ് ഗ്രൗണ്ട്, എൽഎംഎസ് ഗ്രൗണ്ട്, സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്, ഫോർട്ട് ഹൈസ്കൂൾ ഗ്രൗണ്ട്,
സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, എസ്എംപി സ്കൂൾ ഗ്രൗണ്ട്, ആർട്സ് കോള ജ് ഗ്രൗണ്ട്, ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളജ് ഗ്രൗണ്ട്, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, ഫൈൻ ആർട്സ് കോളജ്, വിമൻസ് കോളജ് ഗ്രൗണ്ട്, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി എന്നിവിടങ്ങളിൽ പാർക്കിംഗിനായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കനകക്കുന്നിൽനിന്ന് കോർപ്പറേഷൻ വരെയുള്ള റോഡുകളിൽ തിരക്ക് അനുസരിച്ച് വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സിസിടിവി കവറേജ് ഉണ്ടായിരിക്കും. കനകക്കുന്നിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. രാത്രി 12 മണിക്ക് ദീപാലങ്കാരങ്ങൾ അണയ്ക്കും. പാർക്കിംഗും വൺവേ നിയന്ത്രണങ്ങളും പാലിക്കുന്നതിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും കമ്മീഷണർ അറിയിച്ചു.
photo
ഓണം വാരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുത ദീപാലങ്കരങ്ങൾ മിഴി തുറന്നപ്പോൾ.
-ടി.സി. ഷിജുമോൻ