പുതുതലമുറയ്ക്ക് വിശ്വാസപൈതൃകം കൈമാറണം: മാർ ഫിലക്സിനോസ്
1588672
Tuesday, September 2, 2025 7:11 AM IST
തിരുവനന്തപുരം: ഇന്നിന്റെ സാഹചര്യങ്ങളെ രൂപാന്തരപ്പെടുത്തി ജീവിക്കുകയും നാളെകളെ ഭാസുരമാക്കാനുള്ള താൽപര്യം ഉൗർജിതപ്പെടുത്തുകയും പൈതൃക തനിമ നഷ്ടപ്പെടുത്താതെ പുതിയ തലമുറയ്ക്കു വിശ്വാസത്തിന്റെ പ്രതീക്ഷകൾ കൈമാറുകയും ചെയ്യണമെന്നു മാർത്തോമ്മാ സഭ തിരുവനന്തപുരം കൊല്ലം ഭദ്രാസനാധിപൻ ഡോ. ഐസക്ക് മാർ ഫിലിക്സിനോസ് എപ്പിസ്കോപ്പ പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ നൂറുവർഷം പിന്നിടുന്ന മാർത്തോമ്മാ വിശ്വാസികളുടെ സംഗമം ഡോ. ജോസഫ് മാർത്തോമാ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശക്കുന്നവർക്ക് അപ്പമായി മാറാനും ജീവിതത്തിലൂടെ മറ്റുള്ളവർക്ക് നന്മ പകരാനും കഴിയണമെന്നും മാർ ഫിലിക് സിനോസ് എപ്പിസ്ക്കോപ്പ കൂട്ടി ചേർത്തു. തിരുവനന്തപുരം - കൊല്ലം ഭദ്രാസനം സന്നദ്ധ സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെന്ററിലെ ഇടവകളുടെ സഹകരണത്തോടെ നടന്ന സംഗമത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. രാവിലെ വിശുദ്ധ കുർബാനയോടെ ആരംഭിച്ച സംഗമത്തിൽ ഫാ. ബോബി ജോസ് കട്ടിക്കാട് ധ്യാനപ്രഭാഷണം നടത്തി.
റവ. ഷിബിൻ ശിശുമണി, ജൂലി മേരി മാത്യു, റവ. ലിപിൻ പൊന്നച്ചൻ എന്നിവർ യുവജനസഖ്യ, സണ്ഡേ സ്കൂൾ സമ്മേളനങ്ങൾക്കു നേതൃത്വം നൽകി. വികാരി ജനറാൾ റവ. ഡോ. കെ.ജി. പോത്തൻ, റവ. ഷിബു ഒ. പ്ലാവിള, റവ. വർഗീസ് ഫിലിപ്പ്, റവ. മാത്യു കെ. ജോണ്, റവ. സി. ജി. സാമുവൽ, റവ. മാത്യു പി. തോമസ്, റവ. മനോജ് ഇടിക്കുള, മാത്യു ടി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷം പിന്നിടുന്ന ഡോ ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയെ ഭദ്രാസന സന്നദ്ധ സുവിശേഷ സംഘം സെക്രട്ടറി മാത്യു ടി. ഏബ്രഹാം, ട്രഷറർ രാജു ടി. കല്ലുമൂട്ടിൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. റവ. ഡോ. ഈപ്പൻ വർഗീസ് രചിച്ച ’സുവിശേഷിതം’ എന്ന പുസ്തകം, സിഎസ്എസ് സെക്രട്ടറി റവ. സാം ടി. കോശിക്കു നൽകിക്കൊണ്ട് ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ പ്രകാശനം ചെയ്തു.