ഓസാനം സ്നേഹഭവൻ ഉദ്ഘാടനം ചെയ്തു
1588671
Tuesday, September 2, 2025 7:11 AM IST
തിരുവനന്തപുരം: സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ അശരണരും ആലംബഹീനരുമായ അമ്മമാർക്കും സഹോദരിമാർക്കും വസിക്കുന്നതിനുള്ള മന്ദിരം "ഓസാനം സ്നേഹ ഭവൻ' എന്ന പേരിൽ വെട്ടുതുറയിൽ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ലാത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സ്നേഹഭവന്റെ ആശീർവാദവും ഉദ്ഘാടനവും നിർവഹിച്ചു.
"ദൈവത്തിനു ഒന്നും അസാധ്യമല്ല. അതുപോലെ അസാധ്യം എന്നു തോന്നുന്ന പല പദ്ധതികളും പരിപാടികളും വിൻസന്റ് ഡി പോൾ സൊസൈറ്റിക്കു സാധ്യമാണെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് രണ്ടു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി നാടിനു സമർപ്പിച്ച ഈ സ്നേഹ ഭവനമെന്നും അദ്ദേഹം വ്യക്തമാക്കി. 50 അമ്മമാർക്കും സഹോദരിമാർക്കും വസിക്കാൻ കഴിയുന്ന വിധത്തിലാണ് സ്നേഹ ഭവനം നിർമിച്ചിരിക്കുന്നത്.
സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബ്രദർ ഡി. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ നാഷണൽ കൗൺസിൽ പ്രസിഡന്റ് ബ്രദർ എസ്. ജൂഡ് മംഗൾരാജ് മുഖ്യപ്രഭാഷണവും സൊസൈറ്റി തിരുവനന്തപുരം സെൻട്രൽ കൗൺസിൽ ആത്മീയ ഉപദേഷ്ടാവ് ഫാ. ബീഡ് മനോജ് അമാഡോ അനുഗ്രഹ പ്രഭാഷണവും നിർവഹിച്ചു. പുതുക്കുറിച്ചി ഫൊറോന വികാരി റവ. ഡോ. ഹയസിന്ത് എം. നായകം, റവ. ഡോ. യേശുദാസൻ റെമിയാസ്, വെട്ടുതുറ ഇടവക വികാരി ഫാ. മരിയ ഡോമിനിക്, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത അനി എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം അതിരൂപതയുടെ ഇടവകകളിൽ നിന്നും 100 കണക്കിനു വിൻസൻഷ്യൻ പ്രവർത്തകർ പങ്കെടുത്തു. സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി തിരുവനന്തപുരം സെൻട്രൽ കൗൺസിൽ വൈസ് പ്രസിഡന്റ് ബ്രദർ ഡയനേഷ്യസ് പെരേര സ്വാഗതവും ഉദ്ഘാടന കമ്മിറ്റി സെക്രട്ടറി ബ്രദർ ജോർജ് പെരേര നന്ദിയും പറഞ്ഞു.